കഥയ്ക്കുമപ്പുറത്തെ കാര്യങ്ങൾ കേൾപ്പിക്കുന്ന കാലാ; അവകാശം നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി പാ രഞ്ജിത്ത് വീണ്ടും

Arathy Anil June 8, 2018

ഹാജി മസ്താന്റെ കഥയെന്നു കിംവദന്തി കേൾപ്പിച്ചെങ്കിലും സാങ്കല്പികമായ കഥയാണെന്നു ആവർത്തിച്ചു പറഞ്ഞുകൊണ്ടാണ് പാ രഞ്ജിത്ത് നമുക്ക് മുന്നിൽ കാലാ എത്തിക്കുന്നത്. എന്നാൽ അനിഷേധ്യനായ നായകന്റെ സംഘട്ടനരംഗങ്ങളിലെ അതിഭാവുകത്വത്തിനപ്പുറം കാലികപ്രസക്തി ഏറ്റവുമധികമുള്ള സാമൂഹികരാഷ്ട്രീയ യാഥാർഥ്യങ്ങളെ സിനിമയുടെ ഫ്രയിമുകളിൽ പ്രതിഫലിപ്പിക്കുകയാണ് രജനി നായകൻ മാത്രമായ ഈ പാ രഞ്ജിത്ത് സിനിമ.

വെട്ടിപ്പിടിച്ചു സ്വകാര്യ ഉടമസ്ഥതയിലെത്തിക്കാൻ തുടങ്ങിയതുമുതൽ ഭൂമിയും അധികാരവും തമ്മിലുള്ള കെട്ടുപാട്  വേർതിരിക്കാനാവാത്തതായി. എല്ലാ വൻനഗരത്തിനുമൊരു വശത്ത് ഇടിഞ്ഞുതിങ്ങി ചേരികളിൽ താമസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ പറയുമ്പോൾ തന്നെയാണ് പച്ചമനുഷ്യരും ഭൂമി കൈക്കലാക്കി അധികാരം പിടിച്ചെടുക്കാൻ നോക്കുന്ന വരേണ്യരും തമ്മിലുള്ള സംഘർഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ ചിത്രീകരിക്കാനാവുക.

യഥാർത്ഥത്തിൽ അടിച്ചമർത്തപെട്ടവരുടെ ശബ്ദത്തിനു പുതുജീവൻ നൽകുന്ന പാ രഞ്ജിത് രീതി ധാരാവി കാണിക്കുമ്പോഴും വെളുത്ത സ്റ്റൈലിഷ് നായകന്മാരെ മാത്രം മുന്നിൽ നിർത്തുന്ന മുഖ്യധാരാ കച്ചവട സിനിമാ പ്രവർത്തകരുടെ ശീലത്തെ അടിച്ചുടയ്ക്കുന്നതാണെന്നു ആദ്യകാഴ്ചയിൽ തന്നെ നമുക്ക് തിരിച്ചറിയാം. കറുത്ത വസ്ത്രവും കറുത്ത ശരീരവും പ്രായമായെന്ന ചെറിയ ക്ഷീണം പ്രതിഫലിപ്പിക്കുന്ന വെളുത്ത താടിയും ഉള്ള കരികാലനപ്പുറം ആ മനുഷ്യന് ചേരുന്ന പ്രായവും രൂപവും ഭാവവുമുള്ള ജീവിതപങ്കാളിയും നാലു മുതിർന്ന മക്കളും നിറയെ കൊച്ചുമക്കളും ഒക്കെ മാസ് പ്രേക്ഷകന് ഒറ്റനോട്ടത്തിൽ വൈചിത്ര്യം തോന്നിയേക്കാവുന്ന ഘടകങ്ങളാണ്. ഇവിടെ ജീവിതപങ്കാളി എന്ന പ്രയോഗം മനഃപൂർവമാണ്. ഭാര്യ അഥവാ ഭരിക്കപ്പെടുന്നവൾ എന്നു വിളിക്കാൻ ഈശ്വരി റാവുവിന്റെ ശെൽവി നമുക്ക് അവസരം തരുന്നേയില്ല. ഉടനീളം ഭർത്താവിന് മേൽ സ്നേഹമസൃണമായ അധികാരസ്വരം തന്നെയാണ് ഉറച്ചുകേൾക്കാവുന്നത്.

സമീപകാല മലയാള സിനിമകളിലെ കാര്യമായ ലക്ഷ്യബോധമൊന്നുമില്ലാതെ തെണ്ടിതിരിഞ്ഞു നടക്കുന്ന നായകന്മാരെ ഓർമിപ്പിക്കുന്ന രീതിയിൽ കൊച്ചുകുട്ടികളോടൊപ്പം ക്രിക്കറ്റുകളിച്ചു ക്ളീൻ ബൗൾഡ് ആയി സ്‌ക്രീനിൽ ആമുഖം ലഭിക്കുന്നത് രജനീകാന്തിനാണ് എന്നുള്ളത് തന്നെ കൗതുകകരമാണ്. എന്നാൽ അതിവേഗം അതിമാനുഷമായ നായകത്വത്തെ പ്രതിഫലിപ്പിക്കുന്ന സ്വഭാവരീതിയിലേക്ക് ഒരു പരിവർത്തനം സംഭവിക്കുന്നതായി കാണാം. ‘മുള്ളും മലരി’നും ശേഷം രജനി ശരിക്കും അഭിനയിച്ച ഒരു ചിത്രമാണ് കാലാ എന്നുവേണമെങ്കിൽ പറയാം 

സിനിമാറ്റിക് ഇലമെന്റ്‌സ് എന്ന രീതിയിൽ ഒരു വശത്തുകൂടി പറയപ്പെടുന്ന കരികാലനും സെറീനയും തമ്മിലുള്ള പഴയ പ്രണയകഥയും, നിർമാണ ചുമതലയോടെ ആഫ്രിക്കയിൽ നിന്നു വരുന്ന ,ധാരാവിയിൽ വളർന്നവൾ തന്നെയായ ,’മാധുരി ദീക്ഷിതിനെപ്പോലെ’ സുന്ദരിയും നല്ല സ്ഥാനമാനങ്ങളുള്ളവളുമായ സെറീന വീണ്ടും കടന്നു വരുമ്പോൾ ശെൽവിയുടെ മനസ്സിലെ (അതിരുകടക്കാത്ത) അസ്വസ്ഥതയും അതിനെ വളരെ സുന്ദരമായി കൈകാര്യം ചെയ്തു അവരെ ചേർത്തുപിടിക്കുന്ന കരികാലനും , അച്ഛന്റെ രീതികളോട് പൊരുത്തപ്പെടാനാവാതെ ഇറങ്ങിപോകുന്ന ലെനിനും പിന്നീട് അദ്ദേഹത്തിന്റെ വഴി തന്നെ സ്വീകരിക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞു അവന്റെ തിരിച്ചുവരവും ഒക്കെ വാണിജ്യസിനിമയിൽ സാധാരണപ്രേക്ഷകന്റെ ആസ്വാദനത്തെ തൃപ്തിപ്പെടുത്താനുള്ള മോശമല്ലാത്ത ശ്രമങ്ങളാണ്.

എന്നാൽ പ്രധാനകഥാതന്തു അടിമുടി അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ പ്രഘോഷണം തന്നെയാണ്. ഉപരിവർഗ്ഗത്തിന്റെ ഗൂഢാലോചനകളിൽ തകർക്കപ്പെടുന്ന ബുദ്ധവിഹാരത്തിൽ തുടങ്ങി ഒരുപാട് സൂചകങ്ങളിൽ കുളിച്ചു നിൽക്കുകയാണ് ഓരോ ഫ്രയിമും;പലതവണ കണ്ടു കൂടുതൽ വായിച്ചെടുക്കാവുന്ന രീതിയിൽ അഗാധമായി!

ഹിന്ദുത്വ രാഷ്ട്രീയത്തെ ഒരു മറയുമില്ലാത്ത രീതിയിൽ തന്നെ ചിത്രം ആക്രമിക്കുന്നുണ്ട്. ബ്രഹ്മണിക്കൽ ബോധത്തിന്റെ ‘പരിശുദ്ധി’ എന്ന സങ്കൽപത്തെ നേരിട്ട് അഡ്രസ് ചെയ്തുകൊണ്ട് തന്നെയാണ് പ്യുവർ മുംബൈ എന്ന വരേണ്യനേതാവിന്റെ പദ്ധതിയെ നാമകരണം ചെയ്തിരിക്കുന്നത്. ദളിതനോട് എന്നും ചേർത്തുവായിക്കപ്പെട്ട ശുദ്ധിയില്ലായ്മയും കറുപ്പിന്റെ അഴുക്കും കാലായുടെ പ്രദേശത്തു മാത്രം ജയിക്കാനാകാത്ത ഹരിദാദായുടെ വെടിപ്പാക്കലിനുണ്ടായ ഭംഗവും ഒക്കെ ശക്തമായി വായിച്ചെടുക്കാൻ പറ്റുന്ന രാഷ്ട്രീയപരമായ വൃത്തികേടുകളുടെ നേർചിത്രമാണ്. എങ്ങും ഫ്ളക്സുകളിൽ നിറഞ്ഞു നിൽക്കുന്ന ഹരിദേവ് അഭയങ്കാറിന്റെ വെളുത്ത ചിരിക്കു പിന്നിലെ കുടിലത ആക്രമിക്കുന്നത് നിഷ്കളങ്കർ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ പണമില്ലാത്തവരെയല്ല ,മേൽപറഞ്ഞ ‘ശുദ്ധി’യില്ലാത്തവരെയാണ് ,ഭൂമിയും അധികാരവും നിഷേധിക്കപ്പെട്ട ,ജാതീയമായ വിവേചനം നേരിടുന്നവരെ തന്നെയാണ് എന്നു ഉറക്കെ വിളിച്ചു പറയുന്നുണ്ട് ഈ ചിത്രം. കാലായുടെ വീട്ടിലെത്തുന്ന ഹരിദേവ് അകത്തേക്ക് കയാറുവാനോ ഒരു കവിൾ വെള്ളം കുടിക്കാനോ പോലും തയ്യാറാവാത്തിടത്തു ജാതി കാണാതിരിക്കാൻ വളരെ വിഷമം തന്നെയാണ്.

നിന്നു തിരിയാൻ ഇടമില്ലാത്ത, തീപ്പെട്ടിക്കൂടുകൾ പോലെയുള്ള കുടുസുമുറിയിൽ ദമ്പതികൾക്ക് പോലും സ്വകാര്യത നിഷേധിക്കപ്പെടുന്ന വീടുകൾ നിർമിച്ചുകൊടുത്തിരിക്കുകയാണ് ധാരാവിക്കാർക്കു വേണ്ടി. അവർക്ക് മോഹനസ്വപ്നങ്ങൾ നൽകി വീണ്ടും വീണ്ടും അവരുടെ അൽപഭൂമി ഒരുമിച്ചു കയ്യടക്കി അവിടെ സമ്പന്നരുടെ വിനോദത്തിനു ഗോൾഫ് കോർട്ടുപോലെയുള്ള അനാവശ്യ ആഡംബരങ്ങൾ പണിതുയർത്താനുള്ള ശ്രമത്തെ കാലായും കൂട്ടരും പ്രതിരോധിക്കുന്നുണ്ട്. ലെനിന്റെയും സെറീനയുടെയും കണ്ണിൽ പൊടിയിടാൻ ആദ്യം നിക്ഷിപ്‌തതാത്പര്യക്കാർക്ക് സാധിക്കുന്നുണ്ടെങ്കിലും അവർക്കും ഒരുഘട്ടത്തിൽ സത്യം തിരിച്ചറിഞ്ഞു തിരിച്ചെത്താൻ കഴിയുന്നു.

സൗകര്യങ്ങൾ പ്രദേശത്തിന്റെ മുഖഛായ മാറ്റുമെന്ന വിശ്വാസത്തിൽ ധാരാവി എന്ന പേരുകൂടി മാറ്റണമെന്നും അങ്ങനെയാണെങ്കിൽ എന്റെ സഹപാഠികൾ വീട്ടിലേക്ക് വരാൻ തയ്യാറാകുമല്ലോ എന്നും ഒരു ബാലൻ അധികൃതരോട് ആവശ്യപെടുന്നത് കാണാം നമുക്ക്. തിരുവനന്തപുരത്തു ചെന്നിട്ടു ആരെയെങ്കിലും വീട്ടിലേക്ക് ക്ഷണിച്ച ശേഷം ചെങ്കൽചൂളയിലാണ് എന്നു പറഞ്ഞാൽ പെട്ടെന്ന് ഈ വികാരം മനസിലാക്കാൻ കഴിയും. അസ്പൃശ്യത ഒരു ജനതയ്ക്കു മാത്രമല്ല അവരെ സൂചിപ്പിക്കുന്ന പ്രദേശത്തിനുമുണ്ട്. അതു അധികാരിവർഗം പിടിച്ചെടുത്തു അവരുടെ കീഴിലാക്കുമ്പോൾ സൗകര്യപൂർവം പൂർവകാലം വിസ്‌മൃതമാകുകയും ചെയ്യും.

കാലായെന്ന നായകന്റെ പേരിനെ  നമുക്ക് എത്രവേണമെങ്കിലും വിശകലനം ചെയ്തു അതു മാത്രമായി ലേഖനങ്ങളെഴുതാൻ സാധിക്കും . കരികാലനെന്ന തിരുനൽവേലിക്കാരന്റെ തനി തമിഴ് പേര് നേതാവിന്റെ വിളിപ്പേരായ കാലയായി മാറിയത് കറുപ്പ് വസ്ത്രമോ തൊലിനിറമോ മാത്രം കൊണ്ടല്ല എന്നു ചിത്രം വ്യക്തമാക്കും. അധ്വാനിക്കുന്നവന്റെ നിറമാണ് കറുപ്പ് എന്നുള്ളതരം പഞ്ച്ലൈനുകൾ രാഷ്ട്രീയബോധമുള്ള കലാകാരന്മാർക്ക് മാത്രമേ സൃഷ്ടിക്കാൻ കഴിയൂ.

നാനാ പടേക്കറിന്റെ ഹരിദേവ് അഭയങ്കാർ അഥവാ ഹരിദാദാ എന്ന ശുദ്ധ മുംബൈ ആശയം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നേതാവ് കാലായുടെ വിപരീതമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു . ഞാനാണ് രാജ്യസ്നേഹി, എന്റെ വഴിമുടക്കുന്നവൻ രാജ്യദ്രോഹി എന്നു അയാൾ  പറയുമ്പോൾ ഒരു മുൻപരിചയം തോന്നുന്നത് അസ്വഭാവികമല്ല. കറുത്ത വസ്ത്രം ധരിച്ച കറുത്തവനായ കാലായും ശുഭ്രവസ്ത്രധാരിയായ വെളുത്തവനായ ഹരിദാദയും തമ്മിലുള്ള നേർക്കുനേർ വാഗ്വാദരംഗങ്ങൾ വളരെ മൂർച്ചയേറിയ വാചകശരങ്ങൾ കൊണ്ടു സമ്പന്നമാണ്. കാലാ എന്ന കറുപ്പ് മാത്രമല്ല കാലൻ അഥവാ യമനായി കൂടെ കരികാലൻ ഹരിദേവിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നു. അതു അംഗീകരിക്കാത്ത ഹരിദേവ് തന്നെ രാമനായും കാലായെ രാവണനായും മനസിൽ അവരോധിച്ചു കരുക്കൾ നീക്കുന്നു. അനിവാര്യമായ സാഹചര്യങ്ങളിൽ സന്യാസി പറയുന്ന രാമായണകഥയിലെ രംഗങ്ങളോടു ചേർത്തുള്ള കഥാചിത്രീകരണം പ്രേക്ഷകർക്ക് ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലാണ്.

നിഷേധിക്കപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ നിയമത്തിന്റെ വഴിതേടണോ അധികാരം കയ്യിലെടുക്കണോ എന്നുള്ള ആദ്യകാലം മുതലേ ചലച്ചിത്രകാരന്മാർക്ക് പ്രിയപ്പെട്ട ചോദ്യം നമ്മളിവിടെയും കാണുന്നുണ്ട്. കാലായുടെ നിൽപ് കുറെയൊക്കെ രണ്ടുവള്ളത്തിലും വീഴാതെ കാൽ വച്ചുകൊണ്ടാണ്.

ദളിതന്റെ ജീവിതസമരത്തെ തങ്ങളുടെ ചെറിയ അസൗകര്യങ്ങളുടെ പേരിൽ നീരസത്തോടെ കാണുന്ന ഉപരിവർഗ്ഗ നാഗരിക യുവത്വത്തെ നമുക്കിതിൽ കാണാം. സോഷ്യൽ മീഡിയ വഴി ധാരാവി നിവാസികളുടെ അവകാശസമരം ഏറ്റെടുത്തു മണ്ണിലേക്കിറങ്ങുന്ന നീതിബോധമുള്ള യുവജനതയെയും ഒപ്പം കാണാം. നിലനിൽപിന് വേണ്ടി സമരം ചെയ്യുന്നവരെ ക്രിമിനലുകളായും തീവ്രവാദികളായും മണിമേടകളിലിരുന്നു മുദ്രകുത്തുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് തിരശ്ശീലയിൽ മാത്രമല്ലല്ലോ. പേടിപ്പിക്കുവാനും ഒഴിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള തീയിടലിൽ പുസ്തകങ്ങൾ കത്തിപ്പോയി ,ഇനി ഞാനെങ്ങനെ സ്‌കൂളിൽ പോകുമെന്ന് ചോദിക്കുന്ന പെൺകുട്ടി വിദ്യാഭ്യാസത്തിനുള്ള അവസരം ക്രൂരമായി നിഷേധിക്കപ്പെട്ടു പിന്തള്ളപ്പെട്ടവരുടെ പ്രതിനിധിയാണ്. തങ്ങൾക്ക് ആകെയുള്ള ആയുധം ശരീരമാണ്, അതുകൊണ്ട് സമ്പന്നതയിലാറാടുന്നവന്റെ ദാസ്യപ്പണി ഉപേക്ഷിച്ചു സ്വന്തം അവകാശം നേടിയെടുക്കുന്നതുവരെയും സമരം ചെയ്യുകയെന്ന ആഹ്വാനം സുഖസൗകര്യങ്ങളിൽ അഭിരമിച്ചു കഷ്ടപ്പെടുന്നവരുടെ കഥയോർക്കാതെ കഴിയുന്നവർക്ക് എന്തു ചിന്തകളാണ് ഉണ്ടാക്കുക എന്നു വെറുതെ ആലോചിക്കുകയാണ്.

ശക്തമായ സ്ത്രീകഥാപാത്രങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഉന്നത ഉദ്യോഗസ്ഥയും ഭർത്താവില്ലാതെ മകളെ വളർത്തുന്ന അമ്മയുമായ സെറീനയായി ഹുമ ഖുറേഷി, തീപ്പൊരിയായി കത്തിക്കയറുന്ന വിപ്ലവകാരിയായ ചാരുമതി അഥവാ പുയലായി അഞ്ജലി പാട്ടീൽ,മുൻപ് പറഞ്ഞതുപോലെ ഈശ്വരി റാവുവിന്റെ ശെൽവി , എല്ലാം സിനിമയ്ക്ക് ചേരുന്ന വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്. കാലു തൊട്ടു വന്ദിക്കാൻ ഒരിക്കലാവശ്യപ്പെട്ട ഹരിദേവിന് നിർബന്ധിച്ചു കൈകൊടുത്തിട്ടു ഇതാണ് തുല്യതയെന്നു പറയുന്ന സെറീനയും പൊലീസുകാർ കയ്യേറ്റത്തിനിടെ പൈജാമ വലിച്ചൂരിയപ്പോൾ അതു തിരിച്ചു ധരിക്കാൻ പോലും ശ്രമിക്കാതെ തടിക്കഷണമെടുത്തു തിരിച്ചാക്രമിച്ച പുയലും ഒക്കെ പകരുന്ന ശക്തി ചിത്രത്തിനുള്ളപ്പോൾ തന്നെ ബെക്ഡെൽ ടെസ്റ്റ് കടക്കാൻ ചിത്രത്തിനു കഴിയുമെന്ന് നിരീക്ഷിക്കുന്നില്ല.

ശിവാജിറാവു ഗേയ്ക്ക് വാദ് എന്ന  രജനിയുടെ യഥാർത്ഥ പേര് നൽകപ്പെട്ട പോലീസുകാരനും സമുദ്രക്കനിയുടെ വാലിയപ്പനും ദിലീപന്റെ ശെൽവനും മണികണ്ഠൻ അവതരിപ്പിച്ച ലെനിനും അങ്ങനെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുരളിയുടെ വളരെയധികം പ്രശംസനീയമായ സിനിമാട്ടോഗ്രാഫി കറുപ്പിന്റെയഴകിനെ അതിമനോഹരമായി പകർത്തിയിരിക്കുന്നു. പശ്ചാത്തലസംഗീതവും മികച്ചതു തന്നെ. സന്തോഷ് നാരായണന്റെ സംഗീതസംവിധാനം ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. റാപ്പ് , ആർ എൻ ബി സംഗീതം കഥയുടെ മൂഡിനനുസരിച്ചു മരണാനന്തര ചടങ്ങുകളുടെ രംഗത്തിൽ പോലും മുഷിയാതെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

കാലാ മരിച്ചുവോ ഇല്ലയോ , അതോ ഭ്രമാത്മക കാഴ്ചകളാണോ എന്നുറപ്പുപറയാൻ പറ്റാത്ത രീതിയിലാണ് കഥയവസാനിക്കുന്നത്. കാലായ്ക്ക് ഏതായാലും മരിക്കാൻ കഴിയില്ല. അവരിൽ ഓരോരുത്തരും കാലാ തന്നെയായി മാറിയിരിക്കുകയാണ്. ജയ് ഭീം ആവേശത്തോടെ ഉറക്കെ വിളിക്കുന്ന കഥാന്ത്യം രാഷ്ട്രീയബോധമുള്ള ആസ്വാദകർക്ക് തീർച്ചയായും പുളകമുണ്ടാക്കും. അരാഷ്ട്രീയത കൈമുതലാക്കിയവർക്ക് ചിന്തിക്കാനുള്ള കാരണങ്ങൾ ചിത്രം നൽകുമെന്ന് പ്രതീക്ഷിക്കട്ടെ.

Read more about:
RELATED POSTS
EDITORS PICK