ഓട്ടോയ്ക്ക് പകരക്കാരനാകുമോ ബജാജ് ക്യൂട്ട് ?

Pavithra Janardhanan June 9, 2018

ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ക്വാഡ്രിസൈക്കിള്‍ ഗണത്തില്‍പ്പെടുന്ന ക്യൂട്ടിനെ അവതരിപ്പിച്ചത് 2012 ഓട്ടോ എക്‌സ്‌പോയില്‍. അന്നു ബജാജിന്റെ കോണ്‍സെപ്റ്റ് വാഹനമായിരുന്നു ക്യൂട്ട്. ശേഷം വിവിധ രാജ്യാന്തര വിപണികളില്‍ ക്യൂട്ടെന്ന കുഞ്ഞന്‍ ഇന്ത്യന്‍ നിര്‍മ്മിത ക്വാഡ്രിസൈക്കിളിനെ കമ്പനി അണിനിരത്തി.എന്നാല്‍ ഇന്ത്യയില്‍ മാത്രം ക്യൂട്ട് എത്തിയില്ല. കാരണം ക്വാഡ്രിസൈക്കിളെന്ന വാഹനഗണത്തെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ക്യൂട്ടിനെ വാഹന ഗണത്തില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയതിന് പിന്നാലെ ക്യൂട്ടിനെ വിപണിയില്‍ കൊണ്ടുവരാനുള്ള നീക്കം ബജാജ് തുടങ്ങി.

ഇന്ത്യയ്ക്കു വേണ്ടി ക്യൂട്ടിന്റെ വൈദ്യുത പതിപ്പിനെ പ്രത്യേകം വികസിപ്പിക്കാനും കമ്പനിക്ക് ആലോചനയുണ്ട്. ക്യൂട്ടിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ബജാജ് പലതലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. എന്തായാലും പുതിയ സംഭവവികാസങ്ങള്‍ ബജാജിന് ശുഭപ്രതീക്ഷ നല്‍കുകയാണ്.അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ ക്യൂട്ട് ഇന്ത്യയില്‍ അണിനിരക്കുമെന്നാണ് വിവരം. ഗതാഗതം സാധ്യമാക്കുന്ന ചെറു വാണിജ്യ വാഹനമായിരിക്കും ഇന്ത്യയില്‍ ക്യൂട്ട്. ക്വാഡ്രിസൈക്കിളിന്റെ ARAI നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് കമ്പനിയുടെ ആദ്യ ലക്ഷ്യം.സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട് ഓഫീസുകളില്‍ നിന്നും ക്യൂട്ടിന് വേണ്ടി പ്രത്യേക അനുമതി പത്രവും ബജാജ് വാങ്ങണം. അനുമതി ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമെ ക്യൂട്ടിനെ അവതരിപ്പിക്കാന്‍ ബജാജിന് സാധിക്കുകയുള്ളു.

ആദ്യ ഘട്ടത്തില്‍ മൂന്നു പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ക്യൂട്ടിലുണ്ടാകുമെന്നു ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ബിസിനസ് തലവന്‍ രാകേഷ് ശര്‍മ്മ വ്യക്തമാക്കി. പെട്രോള്‍, സിഎന്‍ജി, എല്‍പിജി എന്നീ പതിപ്പുകളില്‍ ക്യൂട്ട് അണിനിരക്കും.പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ ക്യൂട്ടിന്റെ വൈദ്യുത പതിപ്പ് വിപണിയില്‍ എത്തുക. 216.6 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് DTSi പെട്രോള്‍ എഞ്ചിനിലാണ് ക്യൂട്ടിന്റെ ഒരുക്കം. 13 bhp കരുത്തും 19.6 Nm torque ഉം എഞ്ചിന് പരമാവധിയുണ്ട്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.പരമാവധി 70 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടാന്‍ ക്യൂട്ടിന് പറ്റും. മൈലേജ് 36 കിലോമീറ്ററും. ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമെ ക്യൂട്ടിന്റെ എഞ്ചിനെ കമ്പനി പരിഷ്‌കരിക്കുകയുള്ളു.ഇന്ത്യയില്‍ നിലവിലുള്ള മുചക്ര വാഹനങ്ങള്‍ക്ക് പകരക്കാരനാകാന്‍ ക്യൂട്ടിന് കഴിയുമെന്ന അടിയുറച്ച വിശ്വാസം കമ്പനിക്കുണ്ട്. അതേസയമം ഓട്ടോകളുടെ പ്രകടനക്ഷമതയും സ്വഭാവവുമായിരിക്കില്ല ക്യൂട്ടിന്. അതുകൊണ്ടു വിപണിയില്‍ ഓട്ടോയും ക്യൂട്ടും ഒരുപോലെ നിലനിന്നു പോകണമെന്ന് ബജാജ് തന്നെ വാദിക്കുന്നു.

Tags:
Read more about:
EDITORS PICK