പീഡോ ഗ്രൂപ്പുകൾ വീണ്ടും: പരാതിപ്പെടുമെന്ന ഭീഷണിക്ക് പോലും അശ്ലീലദൃശ്യം മറുപടി!

Arathy Anil June 11, 2018

ശിശുരതിയുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന “തീപ്പന്തം 5” എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഫേസ്ബുക്കിൽ കതിരുകൾ, പീഡോ ഫൈറ്റേഴ്സ് എന്ന ഗ്രൂപ്പുകളിലെ സജീവ അംഗമായ ‘പി പി ശശി’ എന്നു പേരിലെ ഫേക്ക് ഐഡി യുടെ ഉടമയാണ് സുഹൃത്തുക്കളുടെ പിന്തുണയോടെ കുറച്ചു നാളുകളായി നിരീക്ഷിച്ചും പിന്തുടർന്നും സമ്പാദിച്ച വിവരങ്ങൾ പുറത്തുവിട്ടത്. “പരാതിപ്പെടുവാന്‍ പോവുകയാണ് എന്നറിയിച്ചപ്പോള്‍ തിരിച്ചു പരിഹസിക്കാന്‍ പോലും 6 വയസില്‍ താഴെയുള്ള ഒരു കുഞ്ഞിന്റെ അശ്ലീലവീഡിയോ ആണ്  മറുപടിയായി ലഭിച്ചത്” , ശശിയുടെ ഓണ്‍ലൈന്‍ സുഹൃത്ത് ഷിഗി പറയുന്നു .

കണ്ണൂർ ഭാഗത്തു നിന്നാണ് തീപ്പന്തം ഗ്രൂപ്പിലെ അംഗങ്ങളിൽ പലരും എന്നാണ്  ലഭ്യമായ വിവരം. അനവധി വിദേശനമ്പറുകളും ഗ്രൂപ് അംഗങ്ങളുടെ ലിസ്റ്റിൽ കാണുന്നു. സൈബർ സെല്ലിൽ പരാതി സമർപ്പിക്കുന്നതിനൊപ്പം തന്നെ കണ്ണൂരിൽ ചൈൽഡ്ലൈനുമായി നേരിട്ട് ബന്ധപ്പെടാനാണ് അംഗങ്ങളുടെ തീരുമാനം.

2017 ഡിസംബറിൽ പൂമ്പാറ്റ എന്ന ടെലിഗ്രാം ഗ്രൂപ്പിൽ നടക്കുന്ന ശിശുരതിസംബന്ധമായ ദൃശ്യങ്ങളുടെ വിനിമയവും അതിനോടനുബന്ധിച്ചുള്ള അറപ്പുളവാക്കുന്ന ചർച്ചകളെയും പറ്റി അറിയാനിടയായപ്പോൾ വടകര സ്വദേശി ജൽജിത്ത് തൊട്ടോളി പോലീസിനെ അറിയിച്ചുകൊണ്ട് തന്നെ ട്രാക്ക് ചെയ്തു പുറത്തെത്തിച്ചത് ജനശ്രദ്ധനേടിയ വാർത്തയായിരുന്നു. കൊടക്കാടൻ ഷറഫ് അലി എന്ന വണ്ടൂർ സ്വദേശി ആണ് ആ ഗ്രൂപ് തുടങ്ങി നടത്തിക്കൊണ്ടുപോയിരുന്നത്. എന്നാൽ സൈബർ ഡോമിന്റെ പത്രക്കുറിപ്പിലെ ധ്വനി വാദിയെ പ്രതിയാക്കുന്നതായിരുന്നു. മുൻപ് ‘കൊച്ചുസുന്ദരികൾ’ എന്ന ഫേസ്ബുക്ക് പേജിനെതിരെയും ജൽജിത്തിന്റെ പരാതിപ്രകാരമാണ് നടപടി ഉണ്ടായത്.

സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടയ്ക്ക് ചൂടേറിയ ചർച്ചകൾ ഉണ്ടാകുന്ന വിഷയമാണ് പീഡോഫിലിയയും ബാലപീഢനവും. എന്നാൽ അറിവില്ലായ്മ ആപത്താകുന്ന ഈ കാലത്തും ചില വികലധാരണകളുടെ പുറത്ത് കുട്ടികളുടെ സുരക്ഷപോലുമോർക്കാതെ സ്‌കൂളുകളിലെ ലൈംഗികവിദ്യാഭ്യാസത്തെ എതിർക്കുകയാണ് പലരും. ബാലപീഡനവും ചൈൽഡ് പോർണോഗ്രഫിയും മുതലായ വിഷയങ്ങളുടെ അപകടവും ഗൗരവവും ഇപ്പോഴും നല്ലൊരു ശതമാനം പേർക്കും ബോധ്യമായിട്ടില്ലെന്നും ആ വിഷയത്തിലെ ബോധവൽക്കരണത്തിനു ഇനിയെങ്കിലും അടിയന്തരശ്രദ്ധ ഉറപ്പുവരുത്തണമെന്നും രണ്ടു പീഡോവിരുദ്ധഗ്രൂപ്പുകളിലെയും അംഗങ്ങൾ ആവശ്യപ്പെടുന്നു.

Read more about:
EDITORS PICK