ഇടപ്പള്ളിയില്‍ ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആക്ഷേപം

Falcon News Desk June 12, 2018

കൊച്ചി: ഇടപ്പള്ളിയില്‍ ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിപരിക്കേല്‍പ്പിച്ചതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 7.30 ഓടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് മനോജ് ഭാര്യയായ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിച്ചത്. കൊച്ചിനെ സ്‌കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെ മുഖത്തിന് വെട്ടേറ്റ സന്ധ്യ അലറികരഞ്ഞുകൊണ്ട് റോഡിലേക്ക് ഇറങ്ങി വരുകയായിരുന്നു. പിന്നാലെ ഇവരുടെ അമ്മയും വെട്ടേറ്റ നിലയില്‍ റോഡിലേക്ക് അലറികരഞ്ഞുകൊണ്ട് ഇറങ്ങി വരുകയായിരുന്നു. ആരാണ് വെട്ടിയതെന്ന് അമ്മയും മകളും പറയാത്തതിനാല്‍ നാട്ടുകാര്‍ വേഗം ഇവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മകളുടെ ഭര്‍ത്താവാണ് വെട്ടിയതെന്നും അയാള്‍ വീടിനകത്ത് ഉണ്ടെന്നും പറഞ്ഞത്.

നാട്ടുകാര്‍ വീടുപരിശോധിച്ചപ്പോഴേക്കും ഇയാള്‍ റൂമിന്റെ കതക് പൂട്ടി. ഉടനെ ചേരാനെല്ലൂര്‍ പോലീസിനെ ബന്ധപ്പെട്ടെങ്കിലും പോലീസ് വളരെ വൈകിയാണ് സ്ഥലത്തെത്തിയതെന്നും ആക്ഷേപമുണ്ട്. വളരെ വൈകി വാതില്‍ തുറന്നപ്പോഴേക്കും ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. സന്ധ്യയുടെ മുഖത്തും തോളിനുമാണ് വെട്ടേറ്റത്. ഇവരുടെ നിലഗുരുതരമാണ്. ശാരദയുടെ പുറത്താണ് വേട്ടേറ്റത്. മനോജ് നേരത്തെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സ്റ്റാഫായിരുന്നു. സന്ധ്യ അമൃതയിലെ പീഡിയാട്രിക്ക് വിഭാഗത്തിലെ ന്‌ഴ്‌സിംഗ് സ്റ്റാഫാണ്. ഏറെ നാളായി കുടുംബ വഴക്കിനെ തുടര്‍ന്ന് സന്ധ്യയും മനോജും അകന്ന് താമസിക്കുകയായിരുന്നു. അമൃത ആശുപത്രിയ്ക്ക് സമീപം പോയിഷ റോഡ് അവസാനമുള്ള വാടക വീട്ടിന്റ ഒന്നാം നിലയിലായിരുന്നു സന്ധ്യയും അമ്മയും മകളും താമസിച്ച് വരുന്നത്.

Read more about:
EDITORS PICK