ഗപ്പി കഴിഞ്ഞ് ‘അമ്പിളി’യുമായി ജോണ്‍പോള്‍: സൗബിന്റെ അമ്പിളിക്ക് തുടക്കം

Pavithra Janardhanan June 12, 2018

അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഗപ്പിക്ക് ശേഷം റോഡ് മുവീയുമായി പ്രേക്ഷകരിലെത്തുകയാണ് സംവിധായകന്‍ ജോണ്‍പോള്‍. അമ്പിളി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥയും ജോണിന്റേതാണ്. സുഡാനി ഫ്രം നൈജീരിയ്ക്ക് പിന്നാലെ നായകനിരയിലേക്ക് ഉയര്‍ന്ന സൗബിന്‍ ഷാഹിറാണ് അമ്പിളി എന്ന ടൈറ്റില്‍ റോൾ അവതരിപ്പിക്കുന്നത്.ഗപ്പിക്ക് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ വിഷ്‌ണു വിജയ് ആണ് അമ്പിളി സിനിമയ്‌ക്കും സംഗീതം പകരുന്നത്. മുകേഷ് ആർ.മേത്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ പൂജ നടന്നു. ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിനെ കൂടാതെ ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ് എന്നിവരുമുണ്ട്. നസ്രിയയുടെ അനിയൻ നവീൻ നസീം അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി.

തൻവി റാം ആണ് ചിത്രത്തിലെ മറ്റൊരു പുതുമുഖ താരം.ഗിരീഷ് ഗംഗാധരന്റെ അസിസ്റ്റന്റ് ആയിരുന്ന ശരൺ സ്വതന്ത്ര ഛായാഗ്രാഹകനാവുന്ന ചിത്രം കൂടിയാണ് അമ്പിളി. മേക്കപ്പ് ആർ.ജി.വയനാടൻ, കോസ്റ്റ്യൂം മസ്ഹർ ഹംസ. ഇടുക്കി, ബെംഗളൂരു, റാൻ ഓഫ് കച്ച്, ഗോവ, രാജസ്ഥാൻ, ലഡാക്ക് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ കഥ പറഞ്ഞ ഗപ്പി തിയറ്ററിലെത്തി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോണ്‍പോളിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള റോഡ് മുവീയുമായി ജോണ്‍പോള്‍ എത്തുന്നത്. ഗപ്പിയിലൂടെയാണ് ടൊവിനോ തോമസ് നായകതാരമായി മാറുന്നത്.

Read more about:
RELATED POSTS
EDITORS PICK