ലോകകപ്പിന്‍റെ ആവേശം നെഞ്ചിലേറ്റി കൊച്ചി നഗരത്തില്‍ കൂട്ടയോട്ടം

Sebastain June 13, 2018
കൊച്ചി: ലോക കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആവേശം നെഞ്ചിലേറ്റി കൊച്ചി നഗരത്തിലൂടെ ഫുട്ബോള്‍ പ്രേമികളുടെ കൂട്ടയോട്ടം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും യുവജനക്ഷേമ ബോര്‍ഡും ജില്ലാ ഫുട് ബോള്‍ അസോസിയേഷനുമാണ് സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചത്.
മഞ്ഞ ജ‍ഴ്സിയണിഞ്ഞ് ബ്രസീല്‍ ആരാധകരും വെളളയും നീലയും ധരിച്ച് അര്‍ജന്‍റീന ഫാന്‍സും നഗരപ്രദക്ഷിണം  നടത്തി. കൊട്ടും പാട്ടും ആരവങ്ങളും ഫുട്ബോള്‍ അഭ്യാസങ്ങളുമായാണ് കൊച്ചി നഗരം ഫുട്ബോള്‍ ആരാധകരന്മാരുടെ കളിസ്ഥലമായി മാറിയത്. കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നിന്നും പനന്പിളളി സ്പോര്‍ട്സ് അക്കാദമിയിലേക്ക് നടന്ന കൂട്ടയോട്ടം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍  പ്രസിഡന്‍റ് വി എ സക്കീര്‍ ഹുസൈന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ലോകകപ്പിനെ വരവേല്‍ക്കാന്‍ വലിയ സജ്ജീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ വലിയ സ്ക്രീനുകള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്.
നഗരപ്രദിക്ഷണം ക‍ഴിഞ്ഞ് കളിക്കളത്തിലെത്തിയതോടെ ബ്രസീല്‍ താരങ്ങളും ബദ്ധവൈരികളായ അര്‍ജന്‍റീനയും ബൂട്ടണിഞ്ഞ് ഏറ്റുമുട്ടലായി. ലോകകപ്പിന് മുന്നോടിയായുളള സന്നാഹ മത്സരം പോലെയായിരുന്നു ഏറ്റുമുട്ടല്‍. ഒടുവില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞതോടെയാണ്  ആരാധകര്‍ക്കും ആശ്വാസമായത്.
Tags:
Read more about:
EDITORS PICK