വോള്‍വോയുടെ ഏറ്റവും വില കുറഞ്ഞ എസ്.യു.വി എക്‌സ്.സി 40 ഇന്ത്യയില്‍

Pavithra Janardhanan July 6, 2018
വോള്‍വോയുടെ ഏറ്റവും വില കുറഞ്ഞ എസ്.യു.വി എക്‌സ്.സി 40 ഇന്ത്യയില്‍ പുറത്തിറങ്ങി. ആര്‍-ഡിസൈന്‍ എന്ന വകഭേദത്തില്‍ മാത്രം ലഭ്യമാകുന്ന എക്‌സ്.സി 40ക്ക് 39.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും സൗകര്യങ്ങളുമായാണ് മല്‍സരാധിഷ്ഠിതമായ ആഗോള കോംപാക്ട് എസ്.യു.വി. വിപണിയിലേക്ക് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനീക സ്‌ക്കാന്‍ഡിനേവിയന്‍ രൂപകല്‍പ്പനയുമായെത്തുന്ന ഇതിന്റെ എഞ്ചിന്‍ 4000 ആര്‍.പി.എമ്മില്‍ 190 പി.എസ്. ശേഷിയുമായാണെത്തുന്നത്.
400 എന്‍.എം.ടോര്‍ക്ക്, റഡാര്‍ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങള്‍, 211 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ്, ഹര്‍മാന്‍ കാര്‍ഡണ്‍ 13 സ്പീക്കര്‍ സംഗീത സൗകര്യം തുടങ്ങിയവയെല്ലാം ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഇരട്ട ടോണ്‍ കളര്‍ മുതല്‍ സവിശേഷമായ ടെയില്‍ ലാമ്പ് ക്ലസ്റ്റര്‍ വരെ നിരവധി ആകര്‍ഷണങ്ങളാണ് ഇതിന്റെ എക്സ്ടീരിയറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കറുത്ത ലതര്‍ ഇന്റീരിയര്‍ മുതല്‍ ഒന്‍പത് ഇഞ്ച് ടച്ച് സ്‌ക്രീന്‍ വരെ ഉള്‍ഭാഗത്തെ ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങളും ഇതിലുണ്ട്.
ഈ വിഭാഗത്തില്‍ റഡാര്‍ അധിഷ്ഠിത സുരക്ഷ പ്രദാനം ചെയ്യുന്ന ആദ്യ എസ്.യു.വി.യും ഇതു തന്നെയാണ്. സ്റ്റിയറിങ് അസിസ്റ്റ്, കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ അത്യാധുനീക സംവിധാനങ്ങളും ഇതിലുണ്ട്. 190 എച്ച്.പി.യും 400 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കുന്ന 2 എല്‍- സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡി 4 ഡീസല്‍ വേരിയന്റും എക്സ് സി. 40 ല്‍ ലഭ്യമാണ്. യൂറോപ്പിലേയും ഇന്ത്യയിലേയും പുക പുറന്തള്ളല്‍ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണിതു നിര്‍മിച്ചിരിക്കുന്നത്.
ഇക്കോ, കംഫര്‍ട്ട്,,ഡൈനാമിക്, ഇന്‍ഡിവിജ്യുവല്‍ എന്നീ മോഡുകളില്‍ ഡ്രൈവ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. എന്‍ട്രി ലെവല്‍ എസ്.യു.വി.യിലെ തങ്ങളുടെ ആദ്യ വാഹനമാണിതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രമ്പ് ചൂണ്ടിക്കാട്ടി. ഇതോടെ ലക്ഷ്വറി എസ്.യു.വി.കളുടെ എല്ലാ വിഭാഗങ്ങളിലും തങ്ങള്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പനോരമിക് സണ്‍റൂഫ്, മൊബൈല്‍ ഫോണുകള്‍ക്കായുള്ള ഇന്‍ഡക്ഷന്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ സവിശേഷമായ ശേഖരണ സൗകര്യം, 2 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ദുരം ചൂണ്ടിക്കാട്ടല്‍, പാര്‍ക്കിങ് സഹായം, ഡയമണ്ട് കട്ട് അലോയ് വീല്‍, പവ്വര്‍ ടെയില്‍ ഗേറ്റ് തുടങ്ങിയ നിരവധി സവിശേഷതകളും ഇതിലുണ്ട്.
Tags: ,
Read more about:
EDITORS PICK