പുകവലി നിര്‍ത്താന്‍ ആവശ്യപ്പെട്ട സഹോദരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Sebastain July 22, 2018

ന്യൂഡെല്‍ഹി: പുകവലി നിര്‍ത്താന്‍ ആവശ്യപ്പെട്ട സഹോദരനെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഡെല്‍ഹിയിലെ ആനന്ദ് പര്‍ബാട്ട് സ്വദേശി സത്യദേവാണ് കൊല്ലപ്പെട്ടത്. സത്യദേവിന്‍റെ സഹോദരന്‍ ശിശുപാല്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ശിശുപാലിന്‍റെ മദ്യപാനത്തെയും പുകവലിയെയും ചൊല്ലി നേരത്തേയും സഹോദരങ്ങള്‍ തമ്മില്‍ കലഹങ്ങള്‍ ഉണ്ടായിരുന്നു. ശിശുപാലിന്‍റെ തുടര്‍ച്ചയായ പുകവലി വീട്ടിലുളള മറ്റുളളവരുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സഹോദരന്‍ സത്യദേവ് എതിര്‍ത്തത്. ക‍ഴിഞ്ഞ ബുധനാ‍ഴ്ച ഇത്തരത്തില്‍ പുകവലി ഉപേക്ഷിക്കാന്‍ സത്യദേവ് ശിശുപാലിനോട് ആവശ്യപ്പെടുകയും ഒടുവില്‍ വ‍ഴക്കിടുകയും ചെയ്തു. കലഹം മൂത്തതോടെ ശിശുപാല്‍ ഷൂവിന്‍റെ ലെയ്സെടുത്ത് സത്യദേവിന്‍റെ ക‍ഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശിശുപാല്‍ ഉടന്‍ സത്യദേവിനെ ആശുപത്രിയിലെത്തിച്ചിരുന്നു. സ്വഭാവിക മരണമെന്നായിരുന്നു ശിശുപാല്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ആശുപത്രി അധികൃതരാണ് അസ്വാഭാവിക തോന്നി പൊലീസില്‍ വിവരം അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ശ്വാസം മുട്ടി മരിച്ചതാണെന്ന് വ്യക്തമായിരുന്നു. ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ശിശുപാല്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Tags:
Read more about:
EDITORS PICK