ഹൂവിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി

Sebastain August 13, 2018

സംവിധായകന്‍ അജയ് ദേവലോകയുടെ പുതിയ ചിത്രമായ ഹൂ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. പ്രണയത്തിന്റെയും വിരഹത്തിന്റെയും മാധുര്യവും, നൊമ്പരവും നിറച്ച ഗാനം ചിത്രീകരണം കൊണ്ടും ആകര്‍ഷകമാണ്.
കത്താര്‍സിസും, മണികണ്ഠന്‍ അയ്യപ്പയും ചേര്‍ന്ന് ഇംഗ്ലീഷില്‍ ഒരുക്കിയ ഏകാന്ത തടാകം എന്ന ഗാനം മികച്ച ഒരു മെലഡി അനുഭവമാണ് ശ്രോതാക്കള്‍ക്ക് നല്‍കുന്നത്.

ശ്രുതി മേനോന്‍ അവതരിപ്പിക്കുന്ന ഡോ. അനുപമ ആവര്‍ത്തന്‍ എന്ന കഥാപാത്രത്തിന്റെ അന്തര്‍ സംഘര്‍ഷങ്ങളെ വ്യക്തമായി ചിത്രീകരിക്കുന്ന വരികളും, സംഗീതവും, അതിനൊത്ത ദൃശ്യമികവിലാണ് ഛായാഗ്രാഹകന്‍ അമിത് സുരേന്ദ്രന്‍ ഒപ്പിയെടുത്തത്. പുറമേയ്ക്ക് ശാന്തമായ, എന്നാല്‍ അകമേ കലങ്ങിയൊഴുകുന്ന ഒരു നിശബ്ദമായ തടാകത്തിന്റെ പശ്ചാത്തലത്തില്‍ ഒരു തോണിയില്‍ ഏകയായി സഞ്ചരിക്കുന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ വരച്ചു കാണിക്കുന്ന ഈ ഗാനം ഇതിനോടകം സംഗീതപ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു.

മലയാള സിനിമയെ പുതിയ ചക്രവാളങ്ങളിലേക്ക് നയിക്കാന്‍ പോന്ന ഒരു അന്തര്‍ദേശീയ സിനിമയുമായി കടന്നുവരികയാണെന്നാണ് ഹൂവിനെക്കുറിച്ച് സംവിധായകന്‍ പറയുന്നത്. നിരവധി അന്യഭാഷ, വിദേശ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന അജയ് ദേവലോകയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ട്രൈം ട്രാവല്‍ എന്ന കണ്‍സെപ്റ്റ് മലയാളം സിനിമയില്‍ മാജിക്കല്‍ റിയലിസം എന്ന മെത്തേഡിലൂടെ അവതരിപ്പിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാകും ഇത്. ഹോളിവുഡ് പ്രതിഭകളും പങ്കാളികളായ ഹൂ സെപ്റ്റംബറില്‍ തീയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Tags:
Read more about:
EDITORS PICK