ദുബൈയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവിന് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

Pavithra Janardhanan September 10, 2018
court

വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധി. കോടതിച്ചെലവടക്കം ഒരു കോടിയിലേറെ രൂപയാണ് (5,75,000 ദിര്‍ഹം) നഷ്ടപരിഹാരമായി ദുബൈ കോടതി വിധിച്ചത്. ദുബൈയിലെ ആര്‍ടിഎ ജീവനക്കാരനായിരുന്ന കാസര്‍കോട് ഉദുമ മീത്തല്‍ മങ്ങാടന്‍ കുമാരന്റെ മകന്‍ ഉമേഷ് കുമാറിനാണു തുക ലഭിച്ചത്.

2016 സെപ്റ്റംബര്‍ 25ന് രാവിലെ് ഇത്തിഹാദ് റോഡില്‍ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ടു നടപ്പാതയിലൂടെ പോവുകയായിരുന്ന ഉമേഷിനെയും സുഹൃത്തുക്കളെയും ഇടിക്കുകയായിരുന്നു. സുഹൃത്ത് തിരുവനന്തപുരം സ്വദേശി സുബ്രഹ്മണ്യന്‍ ബാബു അപകടത്തില്‍ മരിച്ചു. ഉമേഷിനു ഗുരുതര പരുക്കേറ്റു. ആദ്യം ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീടു നാട്ടിലെ ആശുപ്രത്രിയിലേക്കു മാറ്റി. വാഹനം ഓടിച്ച മലയാളിയെ ഷാര്‍ജ ക്രിമിനല്‍ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി രണ്ടു മാസം തടവിനു ശിക്ഷിച്ചു. മരിച്ചയാളുടെ അനന്തരാവകാശികള്‍ക്കു രണ്ടു ലക്ഷം ദിര്‍ഹം നല്‍കാനും വിധിച്ചു.

അപകടമുണ്ടാക്കിയ ഡ്രൈവറെയും ഇന്‍ഷുറന്‍സ് കമ്പനിയെയും എതിര്‍കക്ഷികളാക്കി നഷ്ടപരിഹാരം ലഭിക്കുന്നതിന് ഉമേഷ് കുമാറിന്റെ ബന്ധു അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സ് മുഖേന ദുബൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇന്‍ഷുറന്‍സ് കമ്പനി ഒരുകോടി രൂപ (5,75,000 ദിര്‍ഹം) നഷ്ടപരിഹാരമായി നല്‍കണമെന്നു കോടതി വിധിച്ചു. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ചെലവുകള്‍ സഹിതം തള്ളി. തുക അഡ്വ. അലി ഇബ്രാഹിം ഉമേഷ് കുമാറിനു കൈമാറി.

Tags: , ,
Read more about:
EDITORS PICK