യു.എ.ഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Pavithra Janardhanan September 10, 2018

യു.എ.ഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി തൊഴില്‍ മന്ത്രാലയം. വിദേശികള്‍ തൊഴില്‍ വിസയില്ലാതെ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. . ടൂറിസ്റ്റ്, വിസിറ്റ് വിസകളില്‍ വിദേശങ്ങളില്‍ നിന്നു തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

നിര്‍മാണ മേഖലയിലെ സ്ഥാപനങ്ങള്‍ ഹ്രസ്വകാല വിസയില്‍ എന്‍ജിനീയര്‍മാര്‍മാരെയും മറ്റും രാജ്യത്തേക്ക് കൊണ്ട് വന്ന് പണിയെടുപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ പെര്‍മിറ്റോ പാസ്‌പോര്‍ട്ടില്‍ വിസ പതിക്കാനുള്ള വൈദ്യ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെയുമാണ് ഇവരെ ജോലിക്ക് നിയമിക്കുക.കമ്ബനികളുടെ നിര്‍ദിഷ്ട പദ്ധതികള്‍ പൂര്‍ത്തിയായാല്‍ ഈ തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുകയാണ് പതിവ്.

സന്ദര്‍ശക, വിനോദ, ആശ്രിത വിസയില്‍ രാജ്യത്തേക്ക് വരുന്നവര്‍ ജോലി ചെയ്യുന്നത് നിയമലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ നിന്നും തൊഴില്‍ പെര്‍മിറ്റ് നേടുകയാണ് ജോലി ചെയ്യാനുള്ള ആദ്യ പടി. ഒരാള്‍ തൊഴില്‍ മേഖലയില്‍ പ്രവേശിക്കാന്‍ തൊഴില്‍ കരാര്‍, ലേബര്‍ കാര്‍ഡ്, യുഎഇ തിരിച്ചറിയല്‍ കാര്‍ഡ്, വൈദ്യ പരിശോധന, പാസ്‌പോര്‍ട്ടില്‍ വിസ പതിക്കുക തുടങ്ങിയ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കണം. ഔദ്യോഗിക തൊഴില്‍ രേഖകള്‍ ഇല്ലാതെ നിയമനം നല്‍കിയാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. 1973 ലെ ഫെഡറല്‍ തൊഴില്‍ നിയമം ആറാം നമ്ബര്‍ പ്രകാരമാണ് നിയമ ലംഘകരെ ശിക്ഷിക്കുകയെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Tags:
Read more about:
EDITORS PICK