ബ്ലീച്ചിംഗ് പൗഡര്‍ നേരിട്ട് കിണറ്റില്‍ വിതറി കലക്കിയാല്‍ സംഭവിക്കുന്നത്?കിണര്‍ ക്ലോറിനേഷന്‍ ചെയ്യുന്ന ശരിയായ രീതി ഇതാണ്

Pavithra Janardhanan September 12, 2018

ചിലര്‍ കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യാന്‍ വേണ്ടി ബ്ലീച്ചിംഗ് പൗഡറിന്റെ കവര്‍ പൊട്ടി പൗഡര്‍ നേരിട്ട് വെള്ളത്തില്‍ വിതറുന്നതായി അറിയുന്നു. ഇതു തെറ്റാണ്. ബ്ലീച്ചിംഗ് പൌഡര്‍ അല്ല, ബ്ലീച്ചിംഗ് പൗഡറിന്‍റെ തെളിയാണ് ക്ലോറിനേഷന് ഉപയോഗിക്കേണ്ടത്.

കിണര്‍ ക്ലോറിനേഷന്‍ ചെയ്യുന്ന ശരിയായ രീതി ഇതാണ്

ഒരു തൊടി വെള്ളത്തിന് (1000 ലിറ്റര്‍) ഒരു സ്പൂണ്‍ (5 ഗ്രാം) എന്ന കണക്കില്‍ ബ്ലീച്ചിംഗ് പൌഡര്‍ അളന്നെടുക്കുക. അത് ഒരു ബക്കറ്റില്‍ ഇട്ട്, കുറച്ചു വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. പിന്നീട് ബാക്കറ്റിന്‍റെ മുക്കാല്‍ ഭാഗത്തോളം വെള്ളം നിറച്ചു 15 മിനിട്ട് അനക്കാതെ വെയ്ക്കണം. ബക്കറ്റിന്‍റെ മുകളിലെ വെള്ളം തെളിയും. ഈ തെളി തൊട്ടിയില്‍ പകര്‍ന്ന് കിണറ്റില്‍ നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണികൂറിന് ശേഷം കിണറുവെള്ളം ഉപയോഗിച്ചു തുടങ്ങാം. ആഴ്ചയില്‍ 2 തവണ വീതം ഒരു മാസം കൂടി കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യണം.

ബ്ലീച്ചിംഗ് പൗഡര്‍ നേരിട്ട് കിണറ്റില്‍ വിതറി കലക്കിയാല്‍ സംഭവിക്കുന്നത്?

പൌഡറിലെ ഖരവസ്തു (അതായത് ബക്കറ്റിന്‍റെ താഴെ അടിയുന്നത്) കൂടി വെള്ളത്തില്‍ കലരും. അത് വെള്ളത്തിന്‍റെ അമ്ല-ക്ഷാര തുലിതാവസ്ഥയെ (pH) വ്യത്യാസപ്പെടുത്തും. വെള്ളം കുടിക്കാന്‍ യോഗ്യമല്ലാതായിത്തീരും.

കടപ്പാട്: ഡോ. ജി.ആർ. സന്തോഷ് കുമാർ

Tags:
Read more about:
EDITORS PICK