സാഫ് കപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

Sebastain September 12, 2018

ധാക്ക: സാഫ് കപ്പ് ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. മന്‍വീര്‍ സിംഗിന്‍റെ ഇരട്ട ഗോളുകളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. നാലാം തവണയാണ് സാഫ് കപ്പില്‍ പാക്കിസ്ഥാന്‍ സെമിയില്‍ പുറത്താകുന്നത്.


ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളില്‍ നിന്നും ഗോള്‍ പിറന്നത്. 48, 69 മിനിറ്റുകളിലായിരുന്നു മന്‍വീര്‍ സിങ്ങിന്‍റെ ഗോളുകള്‍. പകരക്കാരനായി ഇറങ്ങിയ സുമിത് പാസിയുടെ ബൂട്ടില്‍ നിന്നായിരുന്നു പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്നാം ഗോള്‍. രണ്ട് ഗോളുകള്‍ക്ക് വ‍ഴിയൊരുക്കിയ മലയാളി താരം ആഷിഖ് കുരുണിയന്‍ മികച്ച പ്രകടനമാണ് പുറത്തിറക്കിയത്. ഗ്രൂപ്പ് റൗണ്ടിലെ രണ്ട് മത്സരങ്ങളിലും സെമിയിലും ആദ്യ ഇലവനില്‍ ആഷ്ഖ് സ്ഥാനം പിടിച്ചിരുന്നു.


88ാം മിനിറ്റില്‍ ഹസന്‍ ബഷീറാണ് പാക്കിസ്ഥാന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. പലപ്പോ‍ഴും കായികബലം കൂടി പരീക്ഷിച്ച മത്സരത്തില്‍ ഇരുടീമില്‍ നിന്നുമായി രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. ഇന്ത്യയുടെ ലാല്ലിയാന്‍സുവാലയും പാക്കിസ്ഥാന്‍റെ മുഹ്സിന്‍ അലിയുമാണ് ചുവപ്പ് കാര്‍ഡ് കണ്ടത്.
15ന് നടക്കുന്ന ഫൈനലില്‍ മാലദ്വീപാണ് ഇന്ത്യയുടെ എതിരാളികള്‍. നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മാലദ്വീപ് ഫൈനലിലെത്തിയത്. നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ എട്ടാമത് സാഫ് കിരീടം ലക്ഷ്യമിട്ടാണ് ഫൈനലില്‍ ഇറങ്ങുക.

Read more about:
EDITORS PICK