രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Sebastain September 13, 2018

ദില്ലി: രഞ്ജന്‍ ഗൊഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന് നടക്കും. ഇന്ത്യയുടെ നാല്‍പത്തിയാറാം ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. 2019 നവംബര്‍ 17 വരെ രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി തുടരും. ഒക്ടോബര്‍ രണ്ടിന് സ്ഥാനമൊഴിയുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദീപക് മിശ്ര തന്നെയാണ് ഗൊഗോയിയുടെ പേര് നിര്‍ദേശിച്ചത്.

ജനുവരി പന്ത്രണ്ടിന് നടന്ന നാലു ജഡ്ജിമാരുടെ ആ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ നിലപാടെടുത്ത ഗൊഗോയി തന്നെയാണ് നിലവില്‍ സീനിയോറിറ്റിയില്‍ രണ്ടാമന്‍. പരസ്യകലാപം കാരണമാക്കി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ മറികടന്ന് മറ്റൊരാളെ ചീഫ് ജസ്റ്റിസാക്കും എന്ന അഭ്യൂഹം ഉണ്ടായിരുന്നു.
അസം സ്വദേശിയായ ഗൊഗോയ് 2001 ഫെബ്രുവരിയില്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു, 2010 സെപ്റ്റംബറില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ജഡ്ജിയായി. 2011 ഫെബ്രുവരിയില്‍ അതേ കോടതിയില്‍ തന്നെ ചീഫ് ജസ്റ്റിസായി. 2012ലാണ് സുപ്രീംകോടതിയില്‍ നിയമിതനായത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തികൂടിയാണ് രഞ്ജന്‍ ഗൊഗോയ്.

Tags:
Read more about:
EDITORS PICK