എലിക്കുഞ്ഞ് ഉണ്ടാക്കിയത് 1038 കോടിയുടെ നഷ്ടം; മൂഷികശാപത്തില്‍ ചൈനാ ഹോട്ടല്‍

Sebastain September 13, 2018

ഷാന്‍ഡോങ്: പ്രതാപത്തോടെ മുന്നോട്ടുപോയ ഒരു ഹോട്ടലിന്റെ വിധിയെഴുതിയത് നിസ്സാരനായ ഒരു എലിക്കുഞ്ഞ്. ചൈനയിലെ പ്രശസ്തമായ ഹോട്ട്‌പോട്ട് ഹോട്ടല്‍ ശൃംഖല സിയാബു സിയാബുവിന്റെ വിധിയാണ് എലിക്കുഞ്ഞ് മൂലം തലതിരിഞ്ഞത്. ഒരു ഗര്‍ഭിണിക്ക് കൊടുത്ത ഭക്ഷണത്തില്‍ എലിക്കുഞ്ഞ് ചത്ത് കിടന്നതോടെ ഉണ്ടായ പ്രതിഷേധമാണ് 190 മില്യണ്‍ ഡോളറിന്റെ (1038 കോടി രൂപ) ഭീമമായ നഷ്ടം ഹോട്ടല്‍ ഉടമയ്ക്ക് ഉണ്ടായത്.
ഗര്‍ഭിണിയായ യുവതി ഹോട്ടലിലെത്തി തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം കഴിച്ചു തുടങ്ങിയതേയുളളൂ. അപ്പോഴാണ് ചോപ്പ് സ്റ്റിക്കില്‍ ചത്ത എലിക്കുഞ്ഞ് തടഞ്ഞത്. ഉടന്‍ തന്നെ യുവതി ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചത്ത എലിക്കുഞ്ഞിന്റെയും ഒപ്പം ബില്ലും ചേര്‍ത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചു. കാര്യങ്ങള്‍ െൈകവിട്ട് പോയപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ 5000 യുവാന്‍ (52000 രൂപ) നഷ്ടപരിഹാരമായി നല്‍കാമെന്ന വാദ്ഗാനവുമായി ഭര്‍ത്താവിനെ സമീപിച്ചു. എന്നാല്‍ അദ്ദേഹം പണം സ്വീകരിക്കാന്‍ തയ്യാറായില്ല. യുവതിയുടെ ആരോഗ്യപരിശോധന നടത്തിയ ശേഷം നഷ്ടപരിഹാര കാര്യം തീരുമാനിക്കാമെന്നായിരുന്നു ഭര്‍ത്താവിന്റെ നിലപാട്.


ഹോട്ടലിലെ വനിതാ ജീവനക്കാരി ഗര്‍ഭിണിയായ യുവതിയെ നേരില്‍ കണ്ട് ഗര്‍ഭഛിദ്രം നടത്തുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 20,000 യുവാന്‍ (2.09 ലക്ഷം) നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ ആറിനായിരുന്നു സംഭവം. കാര്യം പുറത്തറിഞ്ഞതോടെ ഷാന്‍ഡോങ്ങിലെ റസ്‌റ്റോറന്റ് അടച്ചുപൂട്ടി. അതിനിടെ സിയാബു സിയാബു കമ്പനിയുടെ ഓഹരിമൂല്യവും കൂപ്പുകുത്തി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് അഞ്ച് ദിവസത്തിനുളളില്‍ ഇടിഞ്ഞത്. അങ്ങനെ കമ്പനിക്ക് 1038 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കണക്കുകള്‍.

Read more about:
EDITORS PICK