വിലകുറച്ച് പാലുവിറ്റ് വിപണി പിടിക്കാന്‍ പതഞ്ജലി

Pavithra Janardhanan September 14, 2018

വിറ്റുവരവില്‍ വന്‍ ഇടിവുവന്ന പതഞ്ജലി പുതിയ പരീക്ഷണങ്ങളുമായി വിപണിയിലെത്താന്‍ ഒരുങ്ങുന്നു. പാല്, തൈര്, ചീസ് മുതലായവയാണ് പുതിയതായി അവതരിപ്പിക്കുന്നത്.

2020 ഓടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഡയറി ഉത്പന്നങ്ങളില്‍നിന്ന് 500 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.

ഡല്‍ഹി, മുംബൈ, പുനെ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 56,000 ചെറുകിട കച്ചവടക്കാരുമായി ഇതിനായി കൂട്ടുകെട്ടുണ്ടാക്കിയതായി ബാബാ രാംദേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2019-20 ആകുമ്പോഴേയ്ക്കും ദിനംപ്രതി പത്ത് ലക്ഷം ലിറ്റര്‍ പാലെങ്കിലും ഉത്പാദിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പാല്‍ ഉത്പന്നങ്ങള്‍ ഉടനെ വിപണിയിലെത്തും. തുടക്കത്തില്‍ നാലുലക്ഷം ലിറ്റര്‍ പാല്‍ വിതരണം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. ഒരു ലക്ഷം കര്‍ഷകരുമായി സഹകരിച്ചായിരിക്കും പാല് ശേഖരിക്കുക.

വിപണി വിലയെക്കാള്‍ രണ്ടുരൂപ കുറച്ചാകും പാല്‍ വില്‍ക്കുക. നിലവില്‍ ലിറ്ററിന് 42 രൂപയാണ് പാലിന്‍റെ വില. അതുകൊണ്ടുതന്നെ 40 രൂപയാകും പതജ്ഞലിയുടെ പാലിന്‍റെ വില. ഡയറി ഉത്പന്നങ്ങള്‍ക്കുപുറമെ, സ്വീറ്റ് കോണ്‍, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവയും വിപണിയിലെത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Read more about:
EDITORS PICK