ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പത്മജ വേണുഗോപാല്‍;കോടതി വിധിയിലൂടെ കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞുവെന്ന് കെ മുരളീധരൻ

Pavithra Janardhanan September 14, 2018

കെ. കരുണാകരനെ മരണം വരെ വേദനിപ്പിച്ച സംഭവമായിരുന്നു ചാരക്കേസെന്ന് മകള്‍ പത്മജ വേണുഗോപാല്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ ശക്തമായ രാഷ്ട്രീയ നീക്കം ഉണ്ടായിരുന്നു. സജീവ രാഷ്ട്രീയ രംഗത്തുള്ള അഞ്ച് നേതാക്കളാണ് പിന്നില്‍.

ഇവര്‍ ആരൊക്കെയെന്ന് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തും. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും പത്മജ പറഞ്ഞു.

തനിക്ക് അറിയാവുന്ന രഹസ്യങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ പറയും. ഉദ്യോഗസ്ഥര്‍ ചിലരുടെ കയ്യിലെ ചട്ടുകം ആയിരുന്നു. കേസിന് പിന്നിലെ പുകമറ മാറണമെന്ന് പത്മജ പറഞ്ഞു.

അതേസമയം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മകൻ കെ മുരളീധരൻ. കോടതി വിധിയിലൂടെ കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞുവെന്നും കെ മുരളീധരൻ പ്രതികരിച്ചു.

ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്‍മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകള്‍ പുറത്തുവരും. അതിനു മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനു തെളിവുമില്ല. ചാരവൃത്തിയില്‍ കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് നരസിംഹ റാവുവാണ്.

അതിന് കാരണം ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത് നരസിംഹ റാവുവാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കെ.കരുണാകരന്റെ പേരും ഉള്‍പ്പെട്ടു. മാധ്യമങ്ങളില്‍ വന്ന രണ്ടുപേരെ ഹവാല കേസില്‍ ഉള്‍പ്പെടുത്തി റാവു രാജിവെപ്പിച്ചു. കരുണാകരന്റെ പേരില്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ചാരക്കേസില്‍ കുടുക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് വരെ കരുണാകരന്‍ രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ നരസിംഹ റാവു അതിനു ശേഷം നിലപാട് മാറ്റി രാജിആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹിയിലേക്ക് വിളിപ്പ് കരുണാകരനെ ഒരാഴ്ചയോളം ഒരു സ്ഥാനവും നല്‍കാതെ ഇരുത്തി. അവസാനം ഒരു അപ്രധാന ചുമതലയുള്ള മന്ത്രിയാക്കി ഒതുക്കിയെന്നും മുരളീധരന്‍ പറഞ്ഞു. നരസിംഹ റാവു കരുണാകരനെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read more about:
EDITORS PICK