കാവ്യയെ വെറുതെ വിടൂ; സുഖമായി പ്രസവിക്കട്ടെ; അഭ്യർത്ഥനയുമായി പ്രതിഭ എംഎല്‍എ

Pavithra Janardhanan September 21, 2018

നടി കാവ്യാ മാധവൻ ഗർഭിണിയാണെന്ന വാർത്ത  കാവ്യയുടെ പിതാവ് മാധവൻ തന്നെ സ്ഥിരീകരിച്ച് രംഗത്തെത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു..കാവ്യ എട്ടുമാസം ഗർഭിണിയാണെന്നും കുഞ്ഞഥിതിയെ വരവേൽക്കാൻ താരകുടുംബം കാത്തിരിക്കുകയാണെന്നും വാർത്തകൾ നിറഞ്ഞു.മഞ്ഞ ഡ്രെസ്സിൽ നിറവയറിൽ കാവ്യ നിൽക്കുന്ന ബേബി ഷോവറിങ്ങിന്റെ ചിത്രങ്ങളാണ് അവസാനമായി പുറത്തുവന്നത്.

 

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി പ്രതിഭ എംഎല്‍എ. മുമ്പ് കാവ്യയെ നടിയെ അറസ്റ്റ് ചെയ്‌തേക്കാം എന്നുവാര്‍ത്ത നല്‍കിയവരാണ് ഇപ്പോള്‍ ഗര്‍ഭകാല വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും കാവ്യയെ വെറുതെ വിടണമെന്നും പ്രതിഭ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

പ്രതിഭ എംഎല്‍എ.യുടെ വാക്കുകള്‍:

ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗര്‍ഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടില്‍ സര്‍വ സാധാരണമാണ്. ഇതിലൊക്കെ ആഘോഷിക്കാന്‍ നാട്ടുകാര്‍ക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? ഈ ഒരു ചോദ്യം സുഹൃത്തുക്കളോടായി പങ്കുവെക്കുകയാണ്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രത്യേക നിയമസഭാ സമ്മേളനം കൂടുകയുണ്ടായി. വളരെയധികം ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും വന്നു.

പക്ഷേ തൊട്ടടുത്ത ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ദിലീപ്-മഞ്ജു ദാമ്പത്യത്തിന്റെ തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു.

മലയാളി സമൂഹം ആര്‍ത്തിയോടെ ആ വാര്‍ത്തകള്‍ വായിച്ചു. മുല്ലപ്പെരിയാര്‍ വിസ്മൃതിയിലായി. ദിലീപ്-കാവ്യ വിവാഹം മംഗളമായി നടന്നു. മലയാളി വാര്‍ത്തകളിലൂടെ സദ്യ ഉണ്ടു, കൃതാര്‍ത്ഥരായി. പിന്നീട് ഒരു നിയമസഭാ സമ്മേളനത്തില്‍ നടിയെ പീഡിപ്പിച്ച നടനെക്കുറിച്ച് ചര്‍ച്ച, ബഹളം, അറസ്റ്റ്, പിന്നിലുള്ള മാഡം, എന്തൊക്കെ കോലാഹലങ്ങള്‍ ആയിരുന്നു.

വാര്‍ത്തയിലൂടെ മലയാളികളായ നമ്മള്‍ ഉറക്കമൊഴിച്ചു കാത്തിരുന്നു. ഇപ്പോള്‍ പീഡനത്തിനിരയായി എന്നു പറഞ്ഞ നടിയും പീഡിപ്പിച്ചു എന്നു പറഞ്ഞ നടനും സന്തോഷത്തോടെ ജീവിക്കുന്നു.

നല്ല കാര്യം. എല്ലാവര്‍ക്കും നന്മ വരട്ടെ. മാധ്യമങ്ങളേ, കുറച്ച് കാലം മുന്‍പ് ഈ നടിയെ അറസ്റ്റ് ചെയ്‌തേക്കാം എന്ന് പറഞ്ഞ് നിങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ ഇവര്‍ ഒരുപാട് മാനസിക സംഘര്‍ഷം അനുഭവിച്ച് കാണും (ഗര്‍ഭാവസ്ഥയില്‍ ആ കുഞ്ഞും ).

അവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച വാര്‍ത്ത ഞങ്ങള്‍ കേട്ടതും നിങ്ങള്‍ മാധ്യമങ്ങളിലൂടെയാണ്. സമര്‍ത്ഥരെന്ന് സ്വയം നടിച്ച് നടക്കുന്ന പല മാധ്യമ പ്രവര്‍ത്തകരും നടിയോ നടനോ അടുത്തുകൂടി പോയാല്‍ ഉള്‍ക്കുളിരോടെ സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ ചുമ്മാതല്ല ഇവരൊക്കെ ഇത്തരം വാര്‍ത്തകളുടെ പിന്നാലെ പോകുന്നത് എന്നും ചിന്തിച്ചിട്ടുണ്ട്.

dileep

വായനക്കാര്‍ ഉണ്ട് അതാണ് ഗോസിപ്പ് വാര്‍ത്തകള്‍ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കള്‍ പറയുന്നത്. എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാന്‍ വിടുക. ലേബര്‍ റൂമിലെങ്കിലും കാമറ ഒഴിവാക്കുക. സുഖ പ്രസവാശംസകള്‍.

Read more about:
EDITORS PICK