എസ്‌സി, എസ്ടി ആക്ടിനെതിരെ കൊടിപിടിച്ച് ബ്രാഹ്മണര്‍; ഇളകുമോ ബിജെപിയുടെ സിംഹാസനം?

Chithra September 23, 2018

ഉജ്ജയിന്‍: ‘ബ്രാഹ്മണര്‍ എപ്പോള്‍ സംസാരിക്കാന്‍ തുടങ്ങുന്നുവോ, അപ്പോള്‍ സിംഹാസനങ്ങള്‍ ഇളകും’, ഉത്തര്‍പ്രദേശിലെ ഉജ്ജയിനില്‍ നിന്നും മുഴങ്ങുന്ന മുദ്രാവാക്യമാണിത്. ഇത് ആര്‍ത്തുവിളിക്കുന്നത് 51000 വരുന്ന ബ്രാഹ്മണ വിഭാഗക്കാരും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്‌സി, എസ്ടി സംരക്ഷണ നിയമ ഭേദഗതിക്ക് എതിരെയാണ് ഉന്നത ജാതിക്കാരുടെ രോഷപ്രകടനം. സംസ്ഥാനത്ത് ഭരണപക്ഷത്ത് ഇരിക്കുന്ന ബിജെപിക്ക് ഈ മുന്നറിയിപ്പിനെ തള്ളിക്കളയാന്‍ പറ്റാത്ത സ്ഥിതിയുമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ബ്രാഹ്മണ വിഭാഗക്കാരാണ് ഇന്ത്യയുടെ വിശുദ്ധനഗരത്തില്‍ ഒത്തുചേര്‍ന്നത്. കൈയില്‍ ആയുധങ്ങളും പേറിയാണ് ഇവര്‍ എത്തിയത്. സ്ത്രീകള്‍ പോലും ഡബിള്‍ബാരല്‍ തോക്കും, എയര്‍ഗണ്ണുമായി എത്തിയപ്പോള്‍ ഏതാനും പുരുഷന്‍മാര്‍ കൈയില്‍ യുദ്ധത്തിന് ഉപയോഗിക്കുന്ന കോടാലിയുമായി നഗരത്തിലെത്തി. അഖില്‍ ഭാരതീയ ബ്രാഹ്മിണ്‍ മഹാസംഗമത്തിന്റെ ഭാഗമായാണ് ദസറ മൈതാനത്ത് ഇവര്‍ ആയുധങ്ങളുമായി ഒരുമിച്ചത്.

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനോട് തങ്ങള്‍ക്ക് പ്രൊമോഷനുകളില്‍ സംവരണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എസ്‌സി, എസ്ടി ആക്ടില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച രീതിയില്‍ അറസ്റ്റിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഭേദഗതി വരുത്താനാണ് കേന്ദ്രത്തോടും, സംസ്ഥാനത്തോടും ബ്രാഹ്മണ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുന്നു. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം വരണമെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.

തെരഞ്ഞെടുപ്പ് അടുത്ത് വരികയാണെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഉന്നത ജാതിക്കാരെ ബിജെപിയും, കോണ്‍ഗ്രസും കരിനിയമത്തില്‍ പെടുത്തിയിരിക്കുകയാണെന്ന് ബ്രാഹ്മണ നേതാവ് മഹാമണ്ഡലേശ്വര്‍ സരസ്വതി ആരോപിക്കുന്നു. ഞങ്ങള്‍ക്ക് ബിജെപിയും വേണ്ട കോണ്‍ഗ്രസും വേണ്ട, ഇവര്‍ വോട്ടിനായി ഭിക്ഷ തേടി വരുമ്പോള്‍ സൂക്ഷിക്കണം, നേതാവ് പ്രതിഷേധക്കാരോട് പ്രഖ്യാപിച്ചു.

Tags: , ,
Read more about:
EDITORS PICK