ഭാരം കുറയ്ക്കുന്നത് മുതല്‍ ജലദോഷം അകറ്റുന്നത് വരെ; പച്ചമുളക് ഒരു സംഭവമാണ്

Chithra September 23, 2018

ഭക്ഷണങ്ങളില്‍ പച്ചമുളക് ഉള്‍പ്പെടുത്താന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ ഈ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് ഒരു പ്രോത്സാഹനമാകും. പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതോടൊപ്പം ഫിറ്റ്‌നസിനെയും പച്ചമുളക് സഹായിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള കെമിക്കല്‍ സംയുക്തങ്ങള്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതോടൊപ്പം പരുക്കേല്‍ക്കുമ്പോള്‍ രക്തസ്രാവം ക്രമപ്പെടുത്താനും പ്രയോജനം ചെയ്യുമെന്നതാണ് ഗുണം.

ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞവയാണ് പച്ചമുളകുകള്‍, കലോറിയാണെങ്കില്‍ ഒട്ടുമില്ലതാനും. കഴിച്ച് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ചയാപചയങ്ങളുടെ വേഗത 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഭാരംകുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

പച്ചമുളക് കഴിക്കുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്ന കെമിക്കല്‍ ഉത്പാദിപ്പിക്കപ്പെടും. ഇവ മനുഷ്യന്റെ മൂഡിനെ ക്രമീകരിക്കുന്ന എന്‍സൈമുകളെ പ്രചോദിപ്പിക്കും. പ്രമേഹരോഗമുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പച്ചമുളകിന്റെ ഉപയോഗം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാന്‍ ഇവയിലെ സംയുക്തങ്ങള്‍ക്ക് ശേഷിയുണ്ട്.

പരുക്കേറ്റ് ചോര വാര്‍ന്നുപോകുമ്പോള്‍ പച്ചമുളക് അടങ്ങിയ എരിവുള്ള പദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ഇവയിലെ വൈറ്റമിന്‍ കെ രക്തം കട്ടപിടിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന ബീറ്റാ-കരോട്ടിന്‍ പച്ചമുളകില്‍ ഉയര്‍ന്നതോതില്‍ അടങ്ങിയിരിക്കുന്നു. ഹൃദയം നല്ല രീതിയില്‍ പണിയെടുക്കാന്‍ പച്ചമുളകിനെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

വൈറ്റമിന്‍ എ ഏറെയുള്ളതിനാല്‍ എല്ലുകളുടെ ശക്തിക്കൊപ്പം പല്ലിന്റെ ആരോഗ്യത്തിനും ഇവ സഹായിക്കും. ജലദോഷത്തെയും, സൈനസ് പ്രശ്‌നങ്ങളെയും തടയാനും പച്ചമുളകിന് ശേഷിയുണ്ട്.

Read more about:
EDITORS PICK