പ്രണയത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ചു; കാമുകനെ കുത്തിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പങ്കുവെച്ച് കാമുകിയുടെ ആഘോഷം

Chithra September 23, 2018

കാമുകനെ കൊല്ലാന്‍ സോഷ്യല്‍ മീഡിയ അടിമയായി മാറിയ യുവതി പ്രയോഗിച്ചത് പ്രണയതന്ത്രം. സകലസമയവും സ്‌നാപ്ചാറ്റില്‍ പ്രത്യക്ഷപ്പെടുന്ന ഫാത്തിമ ഖാനാണ് കാമുകനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സൈറ്റില്‍ പങ്കുവെച്ചത്. എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കുമെന്ന തലക്കെട്ടും നല്‍കിയാണ് 21-കാരി ദൃശ്യങ്ങള്‍ പങ്കുവെച്ചത്. നരഹത്യക്ക് കുറ്റം ചാര്‍ത്തപ്പെട്ട ഫാത്തിമയ്ക്ക് 14 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.

രണ്ട് വര്‍ഷക്കാലം പ്രണയിച്ച 18-കാരന്‍ ഖാലിദ് സഫിയെ പ്രണയ എതിരാളിയെ ഉപയോഗിച്ചാണ് ഫാത്തിമ വകവരുത്തിയത്. വെസ്റ്റ് ലണ്ടനിലെ നോര്‍ത്ത് ആക്ടണില്‍ വെച്ച് സംഘടിപ്പിച്ച കൊലപാതകത്തില്‍ സഫിയുടെ നെഞ്ചില്‍ റാസാ ഖാന്‍ കത്തി തുടര്‍ച്ചയായി കുത്തിയിറക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ഫാത്തിമ അവകാശപ്പെട്ടത്. പക്ഷെ തെളിവുകള്‍ എതിരായതോടെ ഇവര്‍ക്കെതിരെ നരഹത്യ ചുമത്തപ്പെട്ടു.

കാമുകനെ അക്രമിക്കുന്നതും മരണവും ചിത്രീകരിച്ച ഫാത്തിമയുടെ മനസ്സ് മരവിച്ചതാണെന്ന് ജഡ്ജ് വ്യക്തമാക്കി. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആഘോഷിച്ചത് അതിലേറെ കഠോരവും. സഫിയെ ഒഴിവാക്കാനാണ് തന്നെ പ്രണയിക്കാന്‍ പുറകെ നടക്കുന്ന റാസാ ഖാനെ യുവതി വിനിയോഗിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തിയതാണ് സഫി.

എന്നാല്‍ തന്നെ മുന്‍പ് സഫി അക്രമിച്ചിട്ടുണ്ടെന്നും ഇതിന്റെ രോഷത്തിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നുമായിരുന്നു യുവതിയുടെ അവകാശവാദം. പക്ഷെ സിസിടിവി ദൃശ്യങ്ങള്‍ ഫാത്തിമയ്ക്ക് പാരയായി. ഇതോടെയാണ് കോടതി 14 വര്‍ഷത്തെ ജയില്‍ശിക്ഷ പ്രഖ്യാപിച്ചത്.

Tags: , ,
Read more about:
EDITORS PICK