ഹെല്‍മെറ്റും, തൊപ്പിയും ഉപയോഗിച്ചാല്‍ തല കഷണ്ടിയാകുമോ; സത്യം എന്ത്?

Chithra September 25, 2018

ഹെല്‍മെറ്റ് വെയ്ക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കരുതെന്നാണ് നിയമം. എന്നാല്‍ നല്ലൊരു വിഭാഗം പേര്‍ ഈ നിയമം പാലിക്കുന്നില്ല. ഇതില്‍ ചിലരുടെ ന്യായം ഹെല്‍മെറ്റ് വെച്ചാല്‍ മുടി കൊഴിഞ്ഞ് കഷണ്ടി രൂപപ്പെടുമെന്നാണ്. യഥാര്‍ത്ഥത്തില്‍ ദീര്‍ഘകാലം ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ മുടി കൊഴിയുമെന്നതില്‍ വല്ല വാസ്തവവും ഉണ്ടോ?

സംഗതി വെറും മിഥ്യയാണെന്നാണ് വിദഗ്ധരായ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ധരും, ഡെര്‍മാറ്റോളജിസ്റ്റുകളും വ്യക്തമാക്കുന്നത്. മുടി കൊഴിയുന്നതിന് പലരും പറയുന്നു ഈ ന്യായീകരണത്തിന് ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലത്രേ. ഹെല്‍മെറ്റ് ധരിക്കുന്നത് മുതല്‍ തൊപ്പി, തലയില്‍ വെയ്ക്കുന്ന മറ്റ് ആക്‌സസറികള്‍ എന്നിവ ഉപയോഗിക്കുന്നത് മൂലം മുടി കൊഴിയുകയോ, കഷണ്ടി രൂപപ്പെടുകയോ ചെയ്യില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ഹെല്‍മെറ്റും, മറ്റും ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ വായു കടക്കാതെ മുടി കൊഴിച്ചില്‍ സംഭവിക്കുന്നുവെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ വായുവില്‍ നിന്നല്ല മുടിയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ സപ്ലൈ ലഭിക്കുന്നത്. അവയ്ക്ക് ആവശ്യമുള്ള ഓക്‌സിജന്‍ രക്തത്തില്‍ നിന്നുമാണ് എടുക്കുക. അതുകൊണ്ട് തന്നെ അനുയോജ്യമല്ലാത്ത കൂടുതല്‍ ഇറുക്കമേറിയ ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് വഴി ഈ രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്നതാണ് മുടി കൊഴിച്ചിലിന് പലപ്പോഴും കാരണമാകുന്നത്.

വൃത്തിയില്ലാത്ത പഴകിയ ഹെല്‍മെറ്റുകളും, തൊപ്പിയും ഉപയോഗിക്കുന്നത് തലയോട്ടിയില്‍ ഇന്‍ഫെക്ഷനും ഇതുവഴി മുടികൊഴിച്ചിലും സൃഷ്ടിക്കാം. വൃത്തിയുള്ള ശരിയായ ഹെല്‍മറ്റല്ല അപ്പോള്‍ യഥാര്‍ത്ഥ വില്ലന്‍. ഹെല്‍മെറ്റ് തലയില്‍ വെയ്ക്കുന്നതും, അഴിക്കുന്നതും പതിയെ വേണം, അല്ലെങ്കില്‍ മുടി വലിഞ്ഞ് കൊഴിയാന്‍ ഇടയാകും. വൃത്തിയില്ലാത്ത ഹെല്‍മെറ്റും മറ്റ് ആക്‌സസറികളും ഉപേക്ഷിക്കാം. ടവല്‍ പോലുള്ളവ ഉപയോഗിച്ച ശേഷം ഹെല്‍മെറ്റ് വെയ്ക്കുന്നതും സഹായകമാണ്.

Tags: ,
Read more about:
EDITORS PICK