ഇനി ആ ശങ്ക വേണ്ട: സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രശങ്ക മാറ്റാനുളള ഉപകരണമെത്തി

Sebastain September 26, 2018

ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും പുറത്തിറങ്ങിയാല്‍ മൂത്രശങ്ക തീര്‍ക്കുക എന്നത് സ്ത്രീകള്‍ക്ക് ഇന്നും വലിയ പ്രശ്നമാണ്. വൃത്തിയും വെടിപ്പുമുളള ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ പലപ്പോ‍ഴും ആ ശങ്ക നിയന്ത്രിക്കുകയാണ് പൊതുവേ ചെയ്യുന്നത്. ഇതുമൂലം നിരവധി രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ ഇനി ആ ശങ്ക ഓര്‍ത്ത് വിഷമിക്കേണ്ട എന്നാണ് ഡെല്‍ഹിയിലെ ഒരു സംഘം ഐഐടി വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊ‍ഴിക്കാന്‍ ക‍ഴിയുന്ന ഉപകരണമാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വെറും പത്ത് രൂപ മാത്രമാണ് ഇതിന്‍റെ വില എന്നതാണ് മറ്റൊരു ശ്രദ്ധേയം.


ഐഐടി വിദ്യാര്‍ത്ഥികളായ ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍, എന്നിവരാണ് സാന്‍ഫി എന്ന ഉപകരണം നിര്‍മ്മിച്ചത്. ഒരു കൈകൊണ്ട് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഉപകരണമാണ് സാന്‍ഫി എന്ന് ഇവര്‍ പറയുന്നു. മറുകൈ കൊണ്ട് വസ്ത്രം പിടിക്കുകയും ചെയ്യാം. ആര്‍ത്തവകാലത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ ക‍ഴിയും. ഉപയോഗശേഷം കളയാവുന്ന സാന്‍ഫി ബയോഡിഗ്രേഡബിള്‍ പേപ്പര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദ ഉത്പന്നമായതിനാല്‍ മലിനീകരണത്തെക്കുറിച്ചുളള ആശങ്കയും പേരുദോഷവും ഇതിനുണ്ടാകില്ലെന്നും ഇവര്‍ ഉറപ്പുനല്‍കുന്നു.


ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും സാരിയോ ചുരിദാറോ ധരിക്കുന്നവരാണ്. അത് മുന്നില്‍ കണ്ടാണ് സാന്‍ഫി നിര്‍മ്മിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുതിയ പ്രൊഡക്ട് വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

Tags: ,
Read more about:
EDITORS PICK