മുംബൈ: ഇന്ത്യന്‍ വാഹനപ്രേമികളുടെ മനംകവര്‍ന്ന പഴയ താരത്തെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി. പുതിയ ഡിസൈനുമായി രൂപമാറ്റം വരുത്തിയ വാഗണ്‍ ആര് കാറുമായാണ് മാരുതിയുടെ വരവ്. മറുവശത്ത് ഹ്യൂണ്ടായ് പുതിയ സാന്‍ട്രോയുമായി എത്തുന്നതിനൊപ്പം പിടിച്ചാണ് ഇന്ത്യന്‍ കമ്പനിയുടെ നീക്കം. സാന്‍ട്രോയ്ക്ക് പുറമെ ടാറ്റ ടിയാഗോ, മാരുതി സുസുക്കി സെലേറിയോ എന്നിവയാണ് എതിരാളികള്‍.
മാരുതി സുസുക്കി പുതിയ വാഗണ്‍ ആറിന്റെ വിലയെക്കുറിച്ച് വ്യക്തത നല്‍കിയിട്ടില്ലെങ്കിലും 3.5 ലക്ഷം മുതല്‍ 4 ലക്ഷം രൂപ വരെയാകുമെന്നാണ് വിപണി വിദഗ്ധര്‍ നല്കുന്ന സൂചന. വില കുറച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍ സ്വിഫ്റ്റിന് കമ്പനി നല്കിയ ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോം നല്‍കില്ലെന്നാണ് അഭ്യൂഹങ്ങള്‍. എതിരിടേണ്ടത് സാന്‍ട്രോയെ ആയതിനാല്‍ ഏതാനും പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തു.
എബിഎസിന് പുറമെ രണ്ട് എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം ബ്രേക്ക് അസിസ്റ്റ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളും ഇടംപിടിച്ചേക്കും. കൂടുതല്‍ വിവരങ്ങളൊന്നും മാരുതി സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഉയരമുള്ള ബോഡി ഡിസൈന്‍ നിലനിര്‍ത്തുമെങ്കിലും ജപ്പാനീസ് വിപണിയില്‍ ഇറക്കിയ പുതുമയുള്ള സുസുക്കി വാഗണ്‍ ആറില്‍ നിന്നും കടംകൊള്ളുന്ന രൂപമാകും കമ്പനി ഇന്ത്യയിലും നല്‍കുക.
കെ10 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിലുണ്ടാവുക. 5 സ്പീഡ് മാനുവല്‍, എജിഎസ് ട്രാന്‍സ്മിഷനിലുള്ള വാഹനത്തിന്റെ മൈലേജ് ഇരുപതെങ്കിലും പ്രതീക്ഷിക്കാം. പുതിയ വാഗണ്‍ ആറിന്റെ ടെസ്റ്റിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.