ഫോര്‍ഡ് ആസ്പയറിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍; വില 5.55 ലക്ഷം മുതല്‍

Chithra October 4, 2018

മുംബൈ: ഫോര്‍ഡ് ഇന്ത്യ ആസ്പയറിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.55 ലക്ഷം രൂപ മുതലാണ് പുതിയ ഫോര്‍ഡ് ആസ്പയറിന്റെ വില. മെക്കാനിക്കല്‍ മേഖലയിലും, ചില പുതിയ ഫീച്ചറുകളുമായി മുഖം മിനുക്കിയുമാണ് ആസ്പയര്‍ എത്തുന്നത്. മാരുതി ഡസയര്‍, ഹ്യുണ്ടായ് എക്‌സെന്റ്, ഹോണ്ട അമേസ് എന്നിവരാണ് വിപണിയിലെ എതിരാളികള്‍.

അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ആസ്പയര്‍ പരിഷ്‌കരിച്ച പതിപ്പിന്റെ ബുക്കിംഗ് ഫോര്‍ഡ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഫോര്‍ഡിന്റെ ഫ്രീസ്റ്റൈല്‍ ക്രോസ് ഹാച്ചില്‍ നിന്നുമുള്ള ചില ഭാഗങ്ങളാണ് ആസ്പയര്‍ കടംകൊണ്ടിരിക്കുന്നത്. ക്രോമോട് കൂടി ഹണികോംബ് റേഡിയേറ്റര്‍ ഗ്രില്‍, പുതിയ സ്റ്റൈലിലുള്ള ഹെഡ്‌ലാംപ്, എല്‍ഇഡി ലാംപുകള്‍ എന്നിവയും കാറിന് ലഭിക്കുന്നു. വീതി കൂടിയ സെന്‍ഡ്രല്‍ എയര്‍ ഡാമും, റീഡിസൈന്‍ ചെയ്ത ഫോഗ്‌ലാംപുമാണുള്ളത്.

ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്റ്റൈല്‍ ഇന്റീരിയറുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് പുതിയ ആസ്പയറിന് ലഭിച്ചത്. കറുപ്പും, ബീജും നിറത്തിലുള്ള ഡ്യുവല്‍ടോണ്‍ ഇന്റീരിയറാണ്. ഡാഷ്ടോപ്പില്‍ 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുമുണ്ട്. ഡിസ്‌പ്ലേ സ്‌ക്രീന്‍ ലഭിച്ചതോടെ ബട്ടണുകളുടെ എണ്ണവും ചുരുക്കി.

1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടിഐവിസിടി പെട്രോള്‍ എഞ്ചിന് പുറമെ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടിഡിസിഐ ഡീസല്‍ എഞ്ചിനുമാണ് പുതിയ ആസ്പയര്‍ ലഭ്യമാകുന്നത്.

Read more about:
EDITORS PICK