പെട്രോളിനും ഡീസലിനും വില റോക്കറ്റ് വേഗത്തില്‍ കുതിച്ചുയരുന്നു; ഇനി വെള്ളം ഒഴിച്ച് വാഹനം ഓടിക്കേണ്ടി വരുമോ; അത് സംഭവിക്കും

Chithra October 4, 2018

ദില്ലി: പെട്രോള്‍ പമ്പില്‍ വാഹനവുമായി ചെന്ന് ഇന്ധനം നിറയ്ക്കുമ്പോള്‍ ഇന്ന് വാഹന ഉടമകളുടെ നെഞ്ചില്‍ തീയാണ്. ആഗോള വിപണിയും, ക്രൂഡോയില്‍ വിലയും, രൂപയുടെ മൂല്യവുമെല്ലാം ചേര്‍ന്ന് എത്ര രൂപയാണ് ഓരോ ദിവസവും വര്‍ദ്ധിക്കുന്നതെന്ന ആശങ്കയാണ് ഏതൊരു സാധാരണക്കാരനുമുള്ളത്. എന്തായാലും ഇതിനിടെ ചിലര്‍ തമാശയ്‌ക്കെങ്കിലും പറയുന്ന ഒരു കാര്യം പ്രാവര്‍ത്തികമാകുന്ന ലക്ഷണമാണ് ശാസ്ത്ര ലോകത്ത് ഒരുങ്ങുന്നത്. വെള്ളം ഒഴിച്ച് വാഹനം ഓടിക്കാനുള്ള വിദ്യയാണ് ശാസ്ത്രജ്ഞര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.

വെള്ളത്തെ വിഘടിപ്പിച്ച് ഹൈഡ്രജന്‍ ഇന്ധനം ഉത്പാദിപ്പിക്കാനുള്ള ഫലപ്രദമായ വഴിയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിക്കുന്നത്. ഓക്‌സിജനും, ഹൈഡ്രജനും സൗകര്യപ്രദമായ രീതിയില്‍ വിഘടിപ്പിക്കാനുള്ള വഴി കണ്ടെത്തിയെങ്കിലും ഇത് വിപണിക്ക് അനുയോജ്യമായ രീതിയിലേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ വ്യക്തമാക്കി. പെര്‍ക്ലോറിക് ആസിഡെന്ന വസ്തുവും മെറ്റല്‍ കോംപൗണ്ടുകളും ചേര്‍ത്താണ് പുതിയ സാങ്കേതികവിദ്യ ഒരുക്കുന്നത്.

വെള്ളത്തെ ഓക്‌സിജനും, ഹൈഡ്രജനുമാക്കാന്‍ ഇലക്ട്രോലൈസേഴ്‌സാണ് ഉപയോഗിച്ചിരുന്നത്. ഇതിനായി ഇറിഡിയം ആവശ്യമാണ്. ഭൂമിയില്‍ ഏറ്റവും കുറച്ച് കാണപ്പെടുന്ന ഇറിഡിയത്തിന് പകരമൊരു പദാര്‍ത്ഥം തേടുകയായിരുന്നു ശാസ്ത്രലോകം. ഇതിന്റെ ഭാഗമായി പെര്‍ക്ലോറിക് ആസിഡ് ഉപയോഗിച്ചതോടെയാണ് വെള്ളത്തെ വേഗത്തില്‍ വിഘടിപ്പിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞത്.

ഏതായാലും ഇനി വലിയ മാറ്റങ്ങള്‍ അനിവാര്യമാണ്. കാരണം ഇന്ധന വില വര്‍ദ്ധനവ് നടുവൊടിക്കുമ്പോള്‍ മറ്റൊരു വഴി തേടേണ്ട അവസ്ഥയിലാണ് ഏവരും.

Tags: ,
Read more about:
EDITORS PICK