നീരവ് മോദി മൂലം നിശ്ചയിച്ച വിവാഹം തകര്‍ന്നു ; മോതിരത്തിലെ ഡയ്മണ്ട് വ്യാജം ; നഷ്ടപരിഹാരം തേടി കനേഡിയന്‍ പൗരന്‍ കോടതിയില്‍

Chithra October 8, 2018

കാമുകിയ്ക്കായി 2 ലക്ഷം യുഎസ് ഡോളര്‍, ഏകദേശം ഒന്നരക്കോടി രൂപ ചെലവിട്ട് മോതിരങ്ങള്‍ വാങ്ങിയ കനേഡിയന്‍ പൗരന്‍ പെട്ടത് ഊരാകുടുക്കിലാണ്. മോതിരങ്ങള്‍ വ്യാജമാണെന്ന് അറിഞ്ഞതോടെ കാമുകി വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറി. വിഷാദത്തിലേക്ക് കൂപ്പുകുത്തിയ പോള്‍ അല്‍ഫോണ്‍സോ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹോങ്കോംഗില്‍ വെച്ചാണ് നിരവ് മോദിയില്‍ നിന്നും അല്‍ഫോണ്‍സോ വജ്രമോതിരങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. 2012ല്‍ ബെവെര്‍ലി ഹില്‍സ് ഹോട്ടലിന്റെ ആഘോഷങ്ങളില്‍ വെച്ച് കണ്ടുമുട്ടിയ നിരവും, അല്‍ഫോണ്‍സോയും വീണ്ടും മാലിബുവില്‍ വെച്ചും കണ്ടു. ഒരു പേയ്‌മെന്റ് പ്രൊസസിംഗ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവാണ് ഇദ്ദേഹം. നല്ലൊരു സൗഹൃദബന്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം കാമുകിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങവെയാണ് അല്‍ഫോണ്‍സോ നിരവ് മോദിയെക്കുറിച്ച് ആലോചിക്കുന്നത്. പഴയ സൗഹൃദം പൊടിതട്ടി വജ്രമോതിരം ഓര്‍ഡര്‍ ചെയ്തു. ആദ്യം 120,000 യുഎസ് ഡോളറിന്റെ 3.2 കാരറ്റ് മോതിരവും, രണ്ടാമത് 80000 ഡോളറിന്റെ 2.5 കാരറ്റ് ഡയമണ്ട് മോതിരവും വാങ്ങി. ഇതുമായി വിവാഹത്തിന് അനുമതി ചോദിച്ചപ്പോള്‍ കാമുകി ഉടന്‍ യെസ് മൂളി. പിന്നീടാണ് കഥയിലെ ട്വിസ്റ്റ്. വജ്രത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ വൈകിയതോടെ അല്‍ഫോണ്‍സോ പലകുറി നിരവ് മോദിക്ക് ഇമെയില്‍ അയച്ചു. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് നിരവ് മറുപടി നല്‍കി. ഇതിനിടെ മോതിരം ഇന്‍ഷ്വര്‍ ചെയ്യാനായി കാമുകി ഇതുമായി അപ്രൈസറെ കണ്ടതോടെയാണ് സംഗതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. വമ്പന്‍ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എങ്ങിനെ ചതിയില്‍ വീണെന്ന് ചോദിച്ചാണ് കാമുകി ബന്ധം ഒഴിഞ്ഞത്.

court

തന്റെ ജീവിതം തകര്‍ത്ത സന്തോഷവാര്‍ത്ത നിരവ് മോദിയെ ഇമെയില്‍ വഴി അറിയിച്ച കനേഡിയന്‍ പൗരന്‍ കാലിഫോര്‍ണിയ സുപ്പീരിയര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. 4.2 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ആവശ്യം.

Read more about:
EDITORS PICK