മാരുതി സ്വിഫ്റ്റ് ആരാധകരെ നിരാശരാക്കി ക്രാഷ് ടെസ്റ്റ് ഫലം; ഇടിച്ചാല്‍ വാഹനത്തിന്റെ അധോഗതി

Chithra October 9, 2018

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയും ആരാധകരുമുള്ള കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. പല മോഡലുകള്‍ മാറിമാറി പരീക്ഷിച്ച ശേഷമാണ് മാരുതി പുതിയ സ്വിഫ്റ്റ് വിപണിയിലിറക്കിയത്. എന്നാല്‍ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ വെറും 2 സ്റ്റാര്‍ റേറ്റിംഗാണ് സ്വിഫ്റ്റ് കരസ്ഥമാക്കിയത്. ഇന്ത്യക്ക് സുരക്ഷിതമായ കാറുകളെന്ന പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലെ ഫലങ്ങള്‍ സ്വിഫ്റ്റ് പ്രേമികളെ ആശങ്കപ്പെടുത്താന്‍ പോന്നവയാണ്.

ജിഎന്‍എസിപിയുടെ നിഗമനത്തില്‍ മുതിര്‍ന്നവര്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ സ്വിഫ്റ്റ് പരാജയപ്പെടുന്നു. ഒപ്പം വാഹനത്തിന്റെ ബോഡിഷെല്‍ ഒട്ടും ഉറപ്പില്ലാത്തതും, കനത്ത ആഘാതങ്ങളെ ചെറുക്കാന്‍ കഴിയാത്തവയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. തലയ്ക്കും കഴുത്തിനും സംരക്ഷണം നല്‍കുമ്പോള്‍ നെഞ്ചിനും, കാല്‍മുട്ട് പ്രദേശങ്ങളെ തടുക്കാന്‍ യാതൊരു നടപടിയുമില്ല.

മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റാണ് പരിശോധിച്ചത്. രണ്ട് എയര്‍ബാഗുകളും, ഐസോഫിക്‌സ് ആങ്കറേജുമുള്ള സ്വിഫ്റ്റിന് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ 2 സ്റ്റാര്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഡ്രൈവറുടെ നെഞ്ച് ഭാഗത്ത് ആഘാതം ഏല്‍പ്പിക്കുന്നതാണ് പ്രധാന പരാജയമായി വിലയിരുത്തുന്നത്.

അതേസമയം സ്വിഫ്റ്റിന്റെ യൂറോപ്യന്‍ മോഡലിനേക്കാള്‍ സുരക്ഷ കുറവാണ് ഇന്ത്യന്‍ വാഹനം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. സൈഡ് ബോഡി, കര്‍ട്ടന്‍ എയര്‍ബാഗ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റ് കണ്‍ട്രോള്‍ എന്നിവയില്‍ ഇന്ത്യയിലെ സ്വിഫ്റ്റ് പിന്നിലാണ്. മാരുതി സുസുക്കി ബ്രെസ 4 സ്റ്റാര്‍ നേടിയതിന് പിന്നാലെയാണ് സ്വിഫ്റ്റ് സുരക്ഷയില്‍ ചീത്തപ്പേര് സമ്മാനിക്കുന്നത്.

Read more about:
EDITORS PICK