ന്യൂയോര്‍ക്ക്: നാട്ടുകാരെ പറ്റിക്കുന്ന മുതലാളിമാരെ പറ്റിക്കുന്ന തൊഴിലാളികള്‍ ഒരു പുതിയ സംഭവമല്ല. ചെറിയ തോതില്‍ മോഷണങ്ങള്‍ നടത്തി പിടിക്കപ്പെടുന്ന പല തൊഴിലാളികളുടെയും അനുഭവങ്ങള്‍ നമ്മള് കേട്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ 7 കോടിയോളം രൂപ മൂല്യമുള്ള അപൂര്‍വ്വമായ വൈന്‍ മോഷ്ടിച്ച തൊഴിലാളിയുടെ കഥ ഇതാദ്യമായാണ് കേള്‍ക്കുന്നത്. പ്രശസ്തമായ ഗോള്‍ഡ്മാന്‍ സാഷസ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് സോളമന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റാണ് ഈ പണി ഒപ്പിച്ചത്.
എന്നാല്‍ 1 മില്ല്യണ്‍ ഡോളറിന്റെ അപൂര്‍വ്വ വൈന്‍ മോഷ്ടിച്ച കേസില്‍ കുറ്റാരോപിതനായത്. എന്നാല്‍ കോടതിയില്‍ കുറ്റം ഏറ്റുപറയുന്ന ദിവസം 41-കാരനായ നിക്കോളാസ് ഡെ മിയര്‍ സ്വയം ശിക്ഷ വിധിച്ചു. ന്യൂയോര്‍ക്കിലെ കാര്‍ലൈല്‍ ഹോട്ടലിന്റെ 33-ാം നിലയിലെ മുറിയില്‍ നിന്നാണ് മുന്‍ ജീവനക്കാരന് താഴേക്ക് ചാടിയത്.
2008 മുതല്‍ 2016 നവംബര്‍ വരെ സോളമന്റെ ജീവനക്കാരനായിരുന്നു നിക്കോളാസ്. ഇക്കാലയളവില്‍ നൂറുകണക്കിന് കുപ്പികളാണ് ഇയാള്‍ കടത്തിയത്. ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും, വിലയേറിയതുമായ ഏഴ് വിന്റേജ് കളക്ഷനുകളും ജീവനക്കാരന് മോഷ്ടിച്ച് മറിച്ചുവിറ്റു. വൈനുകള്‍ കളക്ട് ചെയ്യുന്ന ഹോബിയുള്ള സോളമന് 2016 നവംബറിലാണ് ഇയാളെ പിടികൂടുന്നത്. കുറ്റസമ്മതം നടത്തിയ നിക്കോളാസ് പണം നല്‍കാമെന്ന് ഉറപ്പ് നല്കി.
ഇതിന് ശേഷം മുങ്ങിയ നിക്കോളാസ് 14 മാസത്തിന് ശേഷം യുഎസില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച കോടതി നടപടികള്‍ ആരംഭിക്കാന്‍ നിക്കോളാസിനെ കാത്തിരക്കവെയായിരുന്നു ആത്മഹത്യ. കുടുംബത്തോടൊപ്പം ജോലി ചെയ്ത വ്യക്തിയുടെ മരണത്തില്‍ സോളമന് അതീവദുഃഖം രേഖപ്പെടുത്തി.