രണതുംഗ എന്നെ കയറിപ്പിടിച്ചു; മീടു ചൂട് ക്രിക്കറ്റിലേക്കും

Sebastain October 10, 2018

മുംബൈ: ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ലോകശ്രദ്ധ നേടുന്ന മീടു ക്യാമ്പയിന്റെ ചൂട് കായിക രംഗത്തേക്കും. ശ്രീലങ്കയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ് പുതിയ ആരോപണം. ഇന്ത്യക്കാരിയായ മുന്‍ വിമാന ജീവനക്കാരിയാണ് രണതുംഗയില്‍ നിന്നും ഉണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നെഴുതിയത്.

മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വച്ചുണ്ടായ അനുഭവത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ യുവതി കുറിക്കുന്നതിങ്ങനെ;

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സംഭവം. കടുത്ത ക്രിക്കറ്റ് ആരാധികയായ തന്റെ സുഹൃത്ത് മുംബൈയിലെ ജുഹു സെന്ററിന്റെ എലവേറ്ററില്‍ വെച്ച് ഇന്ത്യയുടെയും ശ്രീലങ്കയുടെയും ടീമംഗങ്ങളെ കണ്ടു. ഇതോടെ റൂമുകളില്‍ പോയി താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങിക്കാമെന്നായി അവള്‍. അവളുടെ സുരക്ഷയുടെ കാര്യം ഓര്‍ത്തപ്പോള്‍ ഞാനും കൂടെ ചെന്നു.
റൂമില്‍ അവര്‍ ഏഴ് പേര്‍ ഉണ്ടായിരുന്നു. അവിടെയെത്തിയ ഞങ്ങള്‍ക്ക് അവര്‍ എന്തോ കുടിക്കാന്‍ തന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. മുറിക്കകത്ത് ഞങ്ങള്‍ കയറിയ ഉടന്‍ അവര്‍ വാതില്‍ അടച്ച് താഴിട്ടതോടെ ഭയമായി. അസ്വസ്ഥയായ ഞാന്‍ എത്രയും വേഗം മടങ്ങാമെന്ന് സുഹൃത്തിനോട് പറഞ്ഞു. എന്നാല്‍ ക്രിക്കറ്റ് താരങ്ങളെ അടുത്ത് കണ്ട ആവേശത്തിലായിരുന്നു അവള്‍.
നീന്തല്‍ക്കുളത്തിന് സമീപത്തുകൂടി നടന്നിട്ട് വരാമെന്ന് അവള്‍ എന്നോട് പറഞ്ഞു. അപ്പോള്‍ സമയം വൈകിട്ട് ഏഴ് മണിയായി. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെ കാണാവുന്ന ദൂരത്തെങ്ങും ഉണ്ടായിരുന്നില്ല.

നീന്തല്‍ക്കുളത്തിന് സമീപത്ത് കാര്യമായ വെളിച്ചവും ഉണ്ടായിരുന്നില്ല.
ഇതിനിടെ അവിടെയുണ്ടായിരുന്ന രണതുംഗ എന്നെ കയറിപ്പിടിച്ചു. അരയില്‍ കൈ ചുറ്റിയ അയാള്‍ എന്റെ നെഞ്ചരികിലൂടെ വിരലോടിച്ചു.ഭയന്നുപോയ ഞാന്‍ ശബ്ദമുയര്‍ത്തി. അയാളെ തൊഴിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെടുമെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും അയാളെ ഭീഷണിപ്പെടുത്തിയ ഞാന്‍ ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടി. സംഭവം അവിടെയുണ്ടായിരുന്നവരെ അറിയിച്ചെങ്കിലും, ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്നായിരുന്നു മറുപടി. സംഭവത്തില്‍ അവര്‍ ഇടപെടാന്‍ കൂട്ടാക്കിയില്ലെന്നും യുവതി പറയുന്നു.
2001ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച രണതുംഗെ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. ശ്രീലങ്കയില്‍ പെട്രോളിയം റിസോഴ്‌സസ് ഡെവല്‌മെന്റ് മന്ത്രി കൂടിയാണ് രണതുംഗ.

Read more about:
EDITORS PICK