സീനിയര്‍ താരങ്ങളുടെ അനുഭവം അറിയില്ല; ജ്വാലയെ പിന്തുണയ്ക്കാതെ മീ ടൂ പ്രചരണത്തെ അനുകൂലിച്ച് പി.വി സിന്ധു

Chithra October 11, 2018

ജീവിതത്തില്‍ ലൈംഗിക ചൂഷണങ്ങള്‍ നേരിടേണ്ടി വന്ന അവസ്ഥകളെക്കുറിച്ച് എല്ലാ മേഖലയില്‍ നിന്നുമുള്ളവരും തുറന്ന് പറയാന്‍ മുന്നോട്ട് വരണമെന്ന് റിയോ വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധു. സീനിയര്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട നടത്തിയ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കാതെയാണ് സിന്ധു തന്റെ നിലപാട് വ്യക്തമാക്കിയത്. പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ കോച്ച് തന്നെ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു ജ്വാല വെളിപ്പെടുത്തിയത്.

‘ആളുകള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വരികയും കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നതിനെ അഭിനന്ദിക്കുന്നു. ഇതിനെ ബഹുമാനിക്കുകയും ചെയ്യും’, സ്ത്രീകള്‍ക്കായുള്ള വോഡാഫോണിന്റെ സഖി സേവനങ്ങളുടെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് പി. വി. സിന്ധു ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബാഡ്മിന്റണില്‍ മുതിര്‍ന്ന താരങ്ങളെയും, കോച്ചുമാരെയും കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സിന്ധു അവകാശപ്പെട്ടത്. തന്റെ കരിയറില്‍ അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ഹൈദരാബാദില്‍ നിന്നുമുള്ള താരം പറയുന്നു.

2010 കോമണ്‍വെല്‍ക്ക് വനിതാ ഡബിള്‍സ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ജ്വാല ഗുട്ടയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് സിന്ധുവിന്റെ പ്രതികരണം. ഇന്ത്യന്‍ ടീമിലെ ഒരു കോച്ച് തന്നെ സ്ഥിരമായി മാനസിക ചൂഷണത്തിന് വിധേയമാക്കിയെന്നാണ് ജ്വാല വെളിപ്പെടുത്തിയത്. ഈ വ്യക്തി മേധാവിയായത് മുതല്‍ ദേശീയ ടീമില്‍ ഇടം കിട്ടിയിട്ടില്ല. ദേശീയ ചാമ്പ്യനായിരിക്കുമ്പോഴാണ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കിയത്. മറ്റ് താരങ്ങളെ ഭീഷണിപ്പെടുത്തി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും ജ്വാല ഗുട്ട പറഞ്ഞു.

രാത്രിയില്‍ പുറത്തിറങ്ങാനും ജോലിക്ക് പോകാനുമെല്ലാം സ്ത്രീകള്‍ ഭയക്കുന്ന ഇക്കാലത്ത് സഖി പോലുള്ള സേവനങ്ങള്‍ ആവശ്യമാണെന്നാണ് സിന്ധു നല്‍കിയ പ്രതികരണം.

Read more about:
EDITORS PICK