കുവൈറ്റ് അവിദഗ്ധ തൊഴിലാളി റിക്രൂട്‌മെന്റ് നിര്‍ത്തുന്നു

Pavithra Janardhanan October 15, 2018

പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റ് പാര്‍ലമെന്റിലെ റീപ്ലെയ്‌സ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് ക്രൈസിസ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ സാലെയുടെ പുതിയ നിർദേശം.അവിദഗ്ധ തൊഴിലാളികളെ വിദേശത്തു നിന്ന് റിക്രൂട് ചെയ്യുന്നത് പൂര്‍ണമായും നിർത്തലാക്കണമെന്നതാണ് നിർദേശം .മാത്രമല്ല സ്വദേശിവല്‍കരണം സംബന്ധിച്ച കമ്മിറ്റി തയാറാക്കിയ കരട് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച തന്നെ റിപ്പോര്‍ട്ട് കമ്മിറ്റി പരിഗണിക്കും. തുടര്‍ന്നു പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കും. സ്വദേശികളുടെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിനു സ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യമാണെന്നു അദ്ദേഹം പറഞ്ഞു. സ്വദേശികള്‍ക്കു സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും തൊഴില്‍ ലഭ്യതയിലെ വളര്‍ച്ചയ്ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ക്രമീകരിക്കാനും ആവശ്യമായ നിയമനിര്‍മാണവും വേണം. പൊതുമേഖലയില്‍ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്ത തസ്തികകളില്‍ വിദേശികളെ പരിഗണിക്കേണ്ടതില്ല.

സ്വദേശിവല്‍കരണ നയം സര്‍ക്കാര്‍ ഏജന്‍സികള്‍ എത്രയും പെട്ടെന്നു പൂര്‍ണമായും നടപ്പാക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ ഉള്ളതായി അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്വദേശികള്‍ തൊഴിലിനായി കാത്തിരിക്കുന്ന സാഹചര്യത്തില്‍ അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read more about:
EDITORS PICK