മാപ്പ് പറഞ്ഞ് സംഘടനയിലേക്കില്ല; അമ്മയ്ക്ക് രമ്യ നമ്പീശന്റെ മറുപടി

Sebastain October 15, 2018

തിരുവനന്തപുരം: ‘അമ്മ’ സംഘടനയിലേക്ക് തിരിച്ചു പോകാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് നടി രമ്യ നമ്പീശന്‍. എല്ലാം സഹിച്ചാല്‍ മാത്രമെ ‘അമ്മ’യ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. ആ വാക്കുകളോട് തനിക്ക് മറുപടിയില്ല. പക്ഷെ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല. കെപിഎസി ലളിതയുടെ വാര്‍ത്താസമ്മേളനത്തിലെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ കെപിഎസി ലളിത സ്വീകരിച്ച നിലപാട് തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്നും രമ്യ പറഞ്ഞു.

‘അമ്മ’ സംഘടന ആരുടെ കൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. അതിനേക്കാള്‍ ഉപരി ഇത്തരത്തില്‍ ഒരു നിലപാടെടുക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നതിലാണ് എനിക്ക് അദ്ഭുതം. ഡബ്ല്യൂസിസി പുരുഷവിരുദ്ധവും ‘അമ്മ’ വിരുദ്ധവും ആണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നു. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് രീതി. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍. വിഷയത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ പെയിഡാണ് എന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകുമെന്നും രമ്യ നമ്പീശന്‍ തുറന്നടിച്ചു.

Tags: ,
Read more about:
EDITORS PICK