സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പടരാന്‍ സാധ്യതയേറെ; മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Pavithra Janardhanan October 29, 2018

എച്ച്‌ വണ്‍ എന്‍ വണ്‍ പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ വര്‍ഷം സംസ്ഥാനത്ത് ഇതുവരെ 14 പേര്‍ എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ച്‌ മരിച്ചിട്ടുണ്ട്. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കി

കഴിഞ്ഞവര്‍ഷം 1546 പേര്‍ക്കാണ് രോഗം ബാധിച്ചത്. 76 പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം രോഗം ബാധിച്ച 304 പേരില്‍ 14 പേര്‍ മരിച്ചു. സ്വകാര്യ ആശുപത്രികളില്‍ എച്ച് 1 എന്‍ 1 മരുന്ന് സ്‌റ്റോക്കില്ലാത്തതും രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നു. മരുന്ന് കഴിക്കാന്‍ വൈകുന്നത് മരണത്തിന് കാരണമാകും. ഒസെള്‍ട്ടാമിവിര്‍ ആന്റി വൈറല്‍ മരുന്നാണ് ഇതിനു നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

75 മില്ലിഗ്രാം രണ്ടുനേരംവീതം അഞ്ചുദിവസത്തേക്ക് നല്‍കിയാല്‍ വൈറസിനെ നശിപ്പിക്കാം.രോഗത്തിന് എ, ബി, സി എന്നിങ്ങനെ മൂന്നുവിഭാഗങ്ങളാണുള്ളത്. ഇതില്‍ ബി ഘട്ടത്തില്‍ത്തന്നെ മരുന്ന് തുടങ്ങണം. മരുന്ന് നല്‍കാന്‍ വൈകി, രോഗം അടുത്ത ഘട്ടത്തിലേക്കെത്തിയാല്‍ രോഗിയെ രക്ഷപ്പെടുത്താനുള്ള സാധ്യത കുറയും.

മാത്രമല്ല ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ടുവരുന്ന രോഗം പതിവില്‍നിന്ന് വ്യത്യസ്തമായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നത്.

Read more about:
EDITORS PICK