ടൊയോട്ട ഫോര്‍ച്യൂണറിനും, ഫോര്‍ഡ് എന്‍ഡേവറിനും എതിരാളിയെ ഇറക്കാന്‍ മഹീന്ദ്ര; 7 സീറ്റര്‍ അള്‍ട്ടുറാസ് ജി4 ഈ മാസം 24ന് പുറത്തിറങ്ങും; പ്രീ-ബുക്കിംഗ് ആരംഭിച്ചു

Chithra November 6, 2018

വൈ400 എന്ന് മാത്രം വിശേഷിപ്പിക്കപ്പെട്ടിരുന്ന പ്രീമിയം എസ്‌യുവി പേരുവിവരങ്ങള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര. അള്‍ട്ടുറാസ് ജി4 എന്ന പേരില്‍ നിര്‍മ്മിക്കുന്ന ഹൈ-എന്‍ഡ് എസ്‌യുവി നവംബര്‍ 24ന് കമ്പനി ലോഞ്ച് ചെയ്യും. അള്‍ട്ടുറാസ് ജി4നുള്ള പ്രീബുക്കിംഗ് സൗകര്യം മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ തുടക്കമായി.

പരമോന്നതം എന്നാണ് അള്‍ട്ടുറാസ് എന്ന വാക്കിനര്‍ത്ഥമെന്ന് വാഹനത്തെക്കുറിച്ച് എം&എം ലിമിറ്റഡ് സെയില്‍സ് & മാര്‍ക്കറ്റിംഗ് ചീഫ് വീജേ നക്ര വ്യക്തമാക്കി. ഞങ്ങളുടെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ വാഹനം വ്യത്യസ്തമായ ഡിസൈനില്‍ രൂപപ്പെടുത്തിയതാണ്. അതുകൊണ്ട് തന്നെ അള്‍ട്ടുറാസ് ജി4 എന്ന പേര് ഈ ഉത്പന്നത്തെ പൂര്‍ണ്ണമായും വിശദീകരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30 ലക്ഷത്തിന് മുകളില്‍ വിലയുള്ള ടൊയോറ്റ ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നിവര്‍ വിലസുന്ന ശ്രേണിയില്‍ പോരാടാനാണ് മഹീന്ദ്ര അള്‍ട്ടുറാസിനെ ഇറക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ എക്‌സ്‌യുവി 700 എന്ന പേരില്‍ എത്താനിരുന്ന വാഹനമാണ് പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഇന്ത്യന്‍ വിപണിയിലെ മുന്‍നിര വാഹനമായി അള്‍ട്ടുറാസ് മാറും. പ്രീമിയം എസ്‌യുവിക്ക് അനുയോജ്യമായ എക്‌സിറ്റീരിയറാണ് മഹീന്ദ്ര ഈ വാഹനത്തിന് നല്‍കിയിട്ടുള്ളത്.

2865 എംഎം വീല്‍ബേസും, ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാമ്പും, എല്‍ഇഡി ടെയില്‍ ലാമ്പും, 5 സ്‌പോക്ക് അലോയ്, ഇലക്ട്രോണിക് ടെയില്‍ഗേറ്റ് എന്നിവയും അള്‍ട്ടുറാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ലെതര്‍ സീറ്റ്, 9.2 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പിന്നിലെ യാത്രക്കാര്‍ക്ക് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഇന്റീരിയറിലെ വിശേഷങ്ങള്‍. സുരക്ഷ ഉറപ്പാക്കാന്‍ നവീനമായ 9 എയര്‍ബാഗുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, നവീനമായ എമര്‍ജന്‍സി ബ്രേക്കിംഗ്, ആക്ടീവ് റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍ എന്നിവയും നല്‍കിയിട്ടുണ്ട്.

2.2 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് അള്‍ട്ടുറാസില്‍ പ്രതീക്ഷിക്കുന്നത്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ വാഹനം ലഭ്യമാകും.

Read more about:
EDITORS PICK