ഒരൊറ്റ പന്തും വിടരുത്; ഒറ്റ ഓവറില്‍ 43 റണ്‍ അടിച്ചുകൂട്ടി ന്യൂസിലാന്‍ഡ് താരങ്ങള്‍

Chithra November 7, 2018

മീഡിയം പേസ്താരം വില്ലെം ലൂഡിക്ക് ക്രിക്കറ്റിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഒരു അനാവശ്യ ഇടംനേടി. ന്യൂസിലാന്‍ഡിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ സെന്‍ഡ്രല്‍ ഡിസ്ട്രിക്ടും, നോര്‍ത്തേണ്‍ ഡിസ്ട്രിക്ടും തമ്മിലുള്ള മത്സരത്തിലാണ് ആ അപൂര്‍വ്വ റെക്കോര്‍ഡ് പിറന്നത്.

ലൂഡിക്ക് എറിഞ്ഞ ഒരൊറ്റ ഓവറില്‍ 43 റണ്‍ നേടിയാണ് നോര്‍ത്തിലെ ബാറ്റ്‌സ്മാന്‍മാരായ ജോ കാര്‍ട്ടറും, ബ്രെറ്റ് ഹാംപ്ടണും റെക്കോര്‍ഡ് കുറിച്ചത്. ആറ് സിക്‌സുകളാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതില്‍ രണ്ടെണ്ണം നോബോളുമായിരുന്നു. ഇതിന് പുറമെ ഒരു ഫോറും, ഒരു സിംഗിളും ചേര്‍ന്നാണ് 43 റണ്‍ സ്‌കോര്‍ബോര്‍ഡിലെത്തിയത്.

കാര്‍ട്ടര്‍ പുറത്താകാതെ 102 റണ്ണും, 95 റണ്‍ നേടിയാണ് ഹാംപ്ടണും പുറത്തായത്. 50 ഓവറില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് 313 റണ്‍ കുറിച്ചു. മത്സരത്തില്‍ 25 റണ്ണിന് ഇവര്‍ വിജയിക്കുകയും ചെയ്തു. കിട്ടുന്ന പന്തെല്ലാം അടിച്ച് പറത്തുക മാത്രമായിരുന്നു ക്രീസില്‍ നില്‍ക്കുമ്പോള്‍ ലക്ഷ്യമെന്ന് ഹാംപ്ടണ്‍ പറഞ്ഞു.

Read more about:
EDITORS PICK