പിടിച്ചെടുക്കലല്ല ഒരു പിടിച്ചുകുലുക്കലാണ് നോട്ട് നിരോധനം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അരുണ്‍ ജെറ്റ്‌ലി

Chithra November 8, 2018

രണ്ട് വര്‍ഷം മുന്‍പ് ഇതേ ദിവസം സന്ധ്യാസമയത്ത് രാജ്യത്തെ ഞെട്ടിച്ച് കൊണ്ട് പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ പ്രതിരോധിച്ച് ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്‌ലി. പണമിടപാടില്‍ നിന്നും ഡിജിറ്റല്‍ ഇടപാടിലേക്ക് ഇന്ത്യയെ നീക്കാന്‍ സിസ്റ്റത്തെ പിടിച്ചുകുലുക്കേണ്ടത് ആവശ്യമായിരുന്നെന്നാണ് ധനമന്ത്രി ന്യായീകരിക്കുന്നത്. നോട്ട് നിരോധനത്തിന്റെ രണ്ടാം വര്‍ഷം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇടയാക്കിയപ്പോഴാണ് ഈ വിശദീകരണം.

‘നോട്ട് നിരോധനത്തെത്തുടര്‍ന്ന് എല്ലാ പണവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്നാണ് തെറ്റായ ഒരു വിമര്‍ശനം. കറന്‍സി പിടിച്ചെടുക്കല്‍ ഒരിക്കലും നിരോധനത്തിന്റെ ഉദ്ദേശമായിരുന്നില്ല’, ജെറ്റ്‌ലി തന്റെ ബ്ലോഗില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തെത്തുടര്‍ന്ന് 86 ശതമാനം നോട്ടുകളാണ് പ്രാബല്യത്തില്‍ ഇല്ലാതായത്. ഇതുമൂലം മാസങ്ങളോളം നോട്ടുകളുടെ ലഭ്യതക്കുറവ് നേരിട്ടിരുന്നു.

യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയിലേക്ക് പണം എത്തിക്കാനും, ഇവരെ കൊണ്ട് ടാക്‌സ് കൊടുപ്പിക്കാനും നോട്ട് നിരോധന തീരുമാനങ്ങളുടെ വിപുലമായ ലക്ഷ്യങ്ങളായിരുന്നെന്ന് ജെറ്റ്‌ലി പറഞ്ഞു. 2014 മെയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 3.8 കോടി ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ നാല് വര്‍ഷത്തില്‍ ഇത് 6.86 കോടിയായി ഉയര്‍ന്നു.

ടാക്‌സ് വരുമാനവും വര്‍ദ്ധിച്ചിട്ടുള്ളതായി ധനമന്ത്രി വ്യക്തമാക്കി. കാര്യങ്ങള്‍ ശരിയാക്കിയത് കൊണ്ട് സാധാരണക്കാര്‍ക്കും, ഇന്‍ഫ്രാസ്ട്രക്ചറിനും കൂടുതല്‍ തുക വകയിരുത്താനും, പൗരന്‍മാര്‍ക്ക് മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കാന്‍ കഴിയുന്നതായും ജെറ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Read more about:
EDITORS PICK