ആട്ടത്തിരുന്നാളിന് എത്തിയവരില്‍ ഭക്തര്‍ 200 പേര്‍ മാത്രം; 7000 പേര്‍ സംഘപരിവാറുകാര്‍

Sebastain November 8, 2018

പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടത്തിരുന്നാളിന് എത്തിയ 7200 തീര്‍ത്ഥാടകരില്‍ യഥാര്‍ത്ഥ ഭക്തര്‍ 200 പേര്‍ മാത്രം. ബാക്കിയുളളവര്‍ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘനകളില്‍ പ്രവര്‍ത്തിക്കുന്നവരോ അനുഭാവികളോ ആണെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം.


ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന വിധി വന്നശേഷം നട ആദ്യമായി തുറന്നപ്പോള്‍ നിലയ്ക്കലില്‍ നടന്ന അക്രമങ്ങളില്‍ പങ്കെടുത്ത 200 പേര്‍ വീണ്ടും ദര്‍ശനം നടത്തിയതായും പൊലീസ് കണ്ടെത്തി. ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


നേരത്തേ അക്രമം നടത്തി പൊലീസ് പിടിയിലായവര്‍ ഇരുമുടിക്കെട്ടുമായി വീണ്ടും ശബരിമലയിലെത്തിയാല്‍ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഭക്തര്‍ക്ക് അമ്പലത്തില്‍ എത്താനുളള സ്വാതന്ത്ര്യത്തെ തടയാന്‍ കഴിയില്ല. മണ്ഡല-മകരവിളക്ക് ഉത്സവത്തിന് മുമ്പ് സുപ്രീംകോടതി ശബരിമല വിഷയത്തില്‍ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. സുപ്രീംകോടതി ഹര്‍ജികള്‍ തളളിയാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനം.
ചിത്തിര ആട്ടത്തിരുന്നാളിന് 5,6 തിയതികളിലായി നൂറ് വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ 2300 പൊലീസിനെയാണ് ശബരിമലയില്‍ വിന്യസിച്ചത്.

Read more about:
EDITORS PICK