പിഞ്ചുകുഞ്ഞിനെ കാറില്‍ അടച്ചുപൂട്ടി മാതാപിതാക്കള്‍ പോയി; നാട്ടുകാര്‍ ചില്ലുതകര്‍ത്ത് രക്ഷപ്പെടുത്തി

Chithra November 8, 2018

കുഞ്ഞുങ്ങളെ വീട്ടിലും കാറിലുമൊക്കെ ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി പോകുന്ന മാതാപിതാക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും വിദേശരാജ്യങ്ങളില്‍ നിന്നുമാണ് നമ്മള്‍ കേട്ടിട്ടുള്ളത്. എന്നാല്‍ നമ്മുടെ ഇന്ത്യയും അക്കാര്യത്തില്‍ പുരോഗമിച്ചെന്നാണ് മീറത്തില്‍ നിന്നുമുള്ള ഈ സംഭവം തെളിയിക്കുന്നത്. മീറത്തിലെ സെന്‍ഡ്രല്‍ മാര്‍ക്കറ്റിലാണ് കുട്ടിയെ കാറിനുള്ളില്‍ പൂട്ടിയിട്ടത് കണ്ട് നാട്ടുകാര്‍ ആശങ്കാകുലരായത്.

കുട്ടിയെ കാറില്‍ ഒറ്റയ്ക്കായി മാതാപിതാക്കള്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗിന് പോകുകയായിരുന്നു. പെണ്‍കുഞ്ഞ് കാറിനുള്ളില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പ്രദേശവാസികളും, മാര്‍ക്കറ്റില്‍ എത്തിയവരും സഹായത്തിനായി രംഗത്തിറങ്ങി. കാറിന്റെ ചില്ല് തകര്‍ത്താണ് ഇവര്‍ കുട്ടിയെ പുറത്തെടുത്തത്. വാഹനത്തിന്റെ എയര്‍കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നോയെന്ന് വ്യക്തമല്ല.

ഇതിനിടെ വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ രക്ഷിതാക്കളെ പോലീസ് താക്കീത് ചെയ്താണ് വിട്ടയച്ചത്. പ്രദേശവാസികള്‍ രക്ഷിതാക്കളെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ചില്ല് തകര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി.

പോലീസാണ് മാതാപിതാക്കളെ കണ്ടെത്തിയത്. ചില്ല് പോലും തുറന്നിടാതെ കുട്ടികളെ പൂട്ടിയിട്ട് സ്വന്തം സൗകര്യം നോക്കുമ്പോള്‍ മക്കള്‍ ശ്വാസംകിട്ടാതെ മരിക്കാനുള്ള സാധ്യതയുണ്ടെന്ന് പോലും ചിലര്‍ മറക്കുന്നു.

Read more about:
RELATED POSTS
EDITORS PICK