കോണ്‍ഗ്രസ്-ബിജെപി ജാഥകള്‍ എവിടെ വച്ച് ഒന്നാകുമെന്ന് നോക്കിയാല്‍ മതി; മുഖ്യമന്ത്രി

Sebastain November 8, 2018

തൂശൂര്‍: ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേസസമയം നടത്തുന്ന ജാഥകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് രഥങ്ങളിലായി രണ്ട് കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എവിടെ വച്ച് ഒന്നാകുമെന്ന് നോക്കിയാല്‍ മതിയെന്നും പിണറായി പറഞ്ഞു. തൃശൂരില്‍ എല്‍ഡിഎഫിന്റെ ബഹുജനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ജാഥ നയിക്കുന്ന കെ സുധാകരനെയും മുഖ്യമന്ത്രി പരിഹസിച്ചു. അങ്ങേയറ്റത്ത് നിന്നും പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്. കോണ്‍ഗ്രസിന് എന്തൊരു അധ:പതനമാണ് വന്നിരിക്കുന്നതെന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞ അഭിപ്രായമല്ല, അമിത് ഷായ്‌ക്കൊപ്പമാണ് ഞങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഇവിടെ നിന്ന് ഇല്ലാതാകുമെന്ന് ശ്രീധരന്‍പിളള പറഞ്ഞപ്പോള്‍ അതിനെതിരെ പറയാനുളള ആര്‍ജ്ജവം ഒരു കോണ്‍ഗ്രസുകാരനും കാണിച്ചി്‌ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസിന്റെ ഘടന എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു അക്രമിസംഘം അവര്‍ക്കുണ്ട്. അവര്‍ക്ക് പ്രത്യേക തരത്തിലുളള പരിശീലനവും ഉണ്ട്. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാം എന്നാണ് അവരുടെ പരിശീലനത്തിലുളളത്. അവിടെ നിന്ന് പുറത്തുവന്നവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലെ മതനിരപേക്ഷ മനസ്സ് ഉലയ്ക്കാനാവില്ല. നമ്മുടെ ഒരുമയുടെ യശസ്സ് പ്രളയത്തിന്റെ സമയത്ത് ലോകമാകെ അറിഞ്ഞതാണ്. ആ വെളിച്ചം തല്ലിക്കെടുത്തി അന്ധകാരത്തിലേക്ക് നയിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more about:
EDITORS PICK