തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനെ മോഷ്ടിച്ച് തമിഴ്‌റോക്കേഴ്‌സ്; റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

Chithra November 9, 2018

ആമിര്‍ ഖാനും, അമിതാഭ് ബച്ചനും ഒരുമിച്ചെത്തിയ ബിഗ് ബജറ്റ് ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍ വ്യാജപതിപ്പ് പുറത്തുവന്നു. യഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രം തമിഴ്‌റോക്കേഴ്‌സാണ് പുറത്തുവിട്ടത്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പുറത്തുവിട്ട് സിനിമാ മേഖലയെ വെല്ലുവിളിക്കുന്ന തലത്തിലേക്കാണ് ഈ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം.

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്റെ വ്യാജ പതിപ്പ് പുറത്തുവന്നതോടെ സൈറ്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി ആരാധകര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം സര്‍ക്കാരിന്റെ വ്യാജന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ആമിര്‍-അമിതാഭ് ചിത്രത്തിനും പൈറസി വില്ലനാകുന്നത്.

സര്‍ക്കാര്‍ പുറത്തുവന്നതോടെ സൈറ്റ് വ്യാജ പതിപ്പ് പുറത്തുവിടുന്നത് തടയാന്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. കൂടാതെ സിനിമാ പ്രദര്‍ശനം നടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ച് കാണികള്‍ റെക്കോര്‍ഡ് ചെയ്യുന്നത് തടയാന്‍ തീയേറ്റര്‍ ഉടമകള്‍ ജോലിക്കാരെ നിയോഗിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനില്‍ കത്രീന കെയ്ഫ്, ഫാത്തിമ സനാ ഖാന്‍, റോണിത് റോയ് തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. ദീപാവലി ലക്ഷ്യമാക്കി തീയേറ്ററിലെത്തിയ ചിത്രത്തിന് പൈറസി ഭീഷണിയാകുമോയെന്നാണ് ആശങ്ക.

Read more about:
RELATED POSTS
EDITORS PICK