പഴയവാഹനങ്ങളുടെ വില്‍പ്പന; ഇനി രജിസ്ട്രേഷൻ ചുമതല വിൽക്കുന്നയാൾക്ക്

Sebastain November 11, 2018

തിരുവനന്തപുരം: ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ ഇതുവരെ വാങ്ങുന്നയാൾക്കായിരുന്നു ഇതിന്‍റെ രജിസ്ട്രേഷന്‍ ചുമതലയെങ്കില്‍, ഇനിമുതല്‍ രജിസ്ട്രേഷൻ മാറ്റേണ്ട ചുമതല വിൽക്കുന്നയാൾക്ക്. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്‍റെ ‘വാഹൻ’ എന്ന സോഫ്റ്റ്വേറിലേക്ക് മോട്ടോർവാഹനവകുപ്പ് ഓഫീസുകൾ മാറുന്നതോടെയാണ് പുതിയ രീതി നിലവിൽ വരുന്നത്.
വാഹനം വാങ്ങുന്നവർ ഉടമസ്ഥാവകാശം മാറ്റാൻ തയ്യാറാകാത്തതുകാരണമുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ ഒഴിവാക്കാം. വാങ്ങുന്നയാൾ അപേക്ഷ നൽകിയില്ലെങ്കിൽ ഉടമസ്ഥാവകാശം പഴയ ഉടമയുടെ പേരിൽ തുടരും. ഇൻഷുറൻസില്ലാതെ അപകടത്തിൽപ്പെടുകയോ കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിക്കുകയോ ചെയ്താൽ പഴയഉടമ ഉത്തരവാദിത്വംവഹിക്കേണ്ടിവരും. നികുതികുടിശ്ശിക ഈടാക്കാൻ ഉടമയുടെ പേരിൽ റവന്യൂറിക്കവറിവരെ ഉണ്ടാകും. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാകും.

എങ്ങനെ രജിസ്റ്റർചെയ്യാം;

വാഹനം വിൽക്കുമ്പോൾ ഉടമയ്ക്ക് രജിസ്ട്രേഷൻരേഖകൾ അതത് മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ സമർപ്പിക്കാം. പുതിയ ഉടമയുടെ ആധാർ വിവരങ്ങൾ, മൊബൈൽ ഫോൺ നമ്പർ എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയശേഷം അപേക്ഷകന് തിരിച്ചുനൽകും. വാഹനത്തിന്റെ രേഖകൾ മോട്ടോർവാഹനവകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പുതിയ ഉടമ താമസിക്കുന്ന സ്ഥലത്തെ മോട്ടോർവാഹനവകുപ്പ് ഓഫീസിലേക്ക് കൈമാറും.

അപേക്ഷ സ്വീകരിക്കുമ്പോൾ പുതിയ ഉടമയുടെ മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് അയയ്ക്കും. ഈ നമ്പർ കൈമാറിയാൽമാത്രമേ ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയാകൂ. ഒരാൾ അറിയാതെ അയാളുടെ പേരിലേക്ക് വാഹനരജിസ്ട്രേഷൻ മാറ്റുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തപാലിൽ ലഭിക്കും.

ആറ്റിങ്ങൽ, കഴക്കൂട്ടം, കാട്ടാക്കട ഓഫീസുകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സോഫ്റ്റ്വേർ പ്രവർത്തിച്ച് തുടങ്ങും. മറ്റു ഓഫീസുകളിലേക്കും ഒരുമാസത്തിനുള്ളിൽ ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

ഉടമസ്ഥാവകാശം കൃത്യസമയത്ത് മാറ്റപ്പെടാത്തതിനാൽ വാഹന ഉടമകൾ നേരിടുന്ന ദുരിതത്തിനാണ് പരിഹാരമാവുന്നത്. നിരപരാധികൾവരെ കേസിൽ കുടുങ്ങിയിട്ടുണ്ട്. ഇതൊഴിവാക്കാൻ പുതിയ സംവിധാനത്തിന് കഴിയുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണര്‍ കെ. പദ്മകുമാർ പറയുന്നു.

വാഹന ഫാൻസി നമ്പർ ഇ-ലേലത്തിലേക്ക്;

വാഹനങ്ങളുടെ ഫാൻസിനമ്പർ ലേലം ഓൺലൈനാക്കുന്നു. ലേലത്തിൽ പങ്കെടുക്കുന്നവർ തമ്മിൽ ഒത്തുതീർപ്പിലെത്തുന്നത് ഒഴിവാക്കാനാകും. നമ്പറിനുവേണ്ടി ആരൊക്കെയാണ് ലേലത്തിൽ പങ്കെടുക്കുന്നതെന്ന് അറിയാൻ കഴിയില്ല. ഫാൻസിനമ്പർ ബുക്ക്ചെയ്തിട്ടുള്ളവർക്ക് വിദേശത്തുനിന്നുവേണമെങ്കിലും ഓൺലൈനിൽ ലേലത്തിൽ പങ്കെടുക്കാം.

ഫാൻസി നമ്പറുകൾ സ്വന്തമാക്കാനായി 18 ലക്ഷംരൂപവരെ ലേലത്തുക ഉയർന്ന ചരിത്രമുണ്ട്. എന്നാൽ, അതേ ഓഫീസിലെ മറ്റൊരുശ്രേണിയിലെ നമ്പർ ഒരുലക്ഷം രൂപയ്ക്കാണ് വിദേശവ്യവസായി സ്വന്തമാക്കിയത്. മറ്റുള്ളവർ മാറിക്കൊടുക്കുകയായിരുന്നു. ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതോടെ ഫാൻസി നമ്പർ ലേലം കൂടുതൽ സുതാര്യമാകും. ലേലത്തിൽ പങ്കെടുക്കാൻ ഓഫീസിലേക്ക് വരേണ്ടതില്ല. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സംവിധാനമാണിതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ കെ. പദ്മകുമാർ പറഞ്ഞു. വാഹന ഉടമകളുടെ ദുരിതത്തിനും പരിഹാരമാകും.

Read more about:
EDITORS PICK