കൊങ്കണി സ്റ്റൈല്‍ വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായി; രണ്‍വീറും-ദീപികയും ഇനി ഭാര്യാഭര്‍ത്താക്കന്‍മാര്‍

Chithra November 14, 2018

ആരാധകര്‍ കാത്തിരുന്ന ആ വിവാഹത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രണയജോഡികളായ രണ്‍വീര്‍ സിംഗും, ദീപിക പദുക്കോണും ഔദ്യോഗികമായി ഭാര്യാഭര്‍ത്താക്കന്‍മാരായി. പരമ്പരാഗത കൊങ്കണി സ്റ്റൈലില്‍ നടന്ന ചടങ്ങുകളിലാണ് ഇവര്‍ താലികെട്ടിയത്. ഇറ്റലിയിലെ ലേക്ക് കോമോയിലുള്ള വില്ലാ ഡെല്‍ ബാല്‍ബിയാനെല്ലോയിലെ അതിശയിപ്പിക്കുന്ന വേദിയിലാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്.

രണ്‍വീര്‍, ദീപിക വിവാഹം സ്വകാര്യ ചടങ്ങായാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇറ്റലിയില്‍ എത്തിയത്. മാധ്യമങ്ങളുടെ കണ്ണില്‍ പെടാത്ത രീതിയില്‍ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ താരങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ചോര്‍ച്ചകള്‍ ഇല്ലാതിരിക്കാന്‍ സുരക്ഷയും കര്‍ശനമാക്കിയിരുന്നു.

കൈയില്‍ പ്രത്യേക റിസ്റ്റ് ബാന്‍ഡും, മൊബൈല്‍ ഫോണുകളുടെ ക്യാമറ ലെന്‍സുകള്‍ സ്റ്റിക്കര്‍ ഉപയോഗിച്ച് മറയ്ക്കാനും അതിഥികള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. തടാകത്തില്‍ ഫോട്ടോഗ്രാഫര്‍മാരെയും, ഗോസിപ്പുകാരെയും തടയാന്‍ പട്രോളിംഗ് ബോട്ടുകളും നിയോഗിച്ചു. സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വെള്ളയും, സ്വര്‍ണ്ണനിറവുമുള്ള പരമ്പരാഗത സില്‍ക്ക് സാരിയാണ് ദീപിക അണിഞ്ഞിരുന്നത്.

കൊങ്കണി വിവാഹത്തിന് ശേഷം സിന്ധി ആചാരപ്രകാരമുള്ള ചടങ്ങുകളും നടന്നു. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയാല്‍ നവംബര്‍ 21ന് ബെംഗളൂരുവിലാണ് ദീപികയും കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും പങ്കെടുപ്പിക്കുന്ന റിസപ്ഷന്‍. ബോളിവുഡ് അതിഥികള്‍ക്കായി നവംബര്‍ 28ന് മുംബൈയിലാണ് ചടങ്ങ്.

Read more about:
RELATED POSTS
EDITORS PICK