പുതിയ മാരുതി സുസുക്കി എര്‍ട്ടിഗ ഇന്ത്യയില്‍; വില 7.44 ലക്ഷം മുതല്‍

Chithra November 22, 2018

മാരുതി സുസുക്കി എര്‍ട്ടിഗയുടെ പരിഷ്‌കരിച്ച 2018 മോഡല്‍ ഇന്ത്യന്‍ വിപണിക്കായി അവതരിപ്പിച്ചു. 7.44 ലക്ഷം രൂപ മുതലാണ് വില. പെട്രോള്‍, ഡീസല്‍ വേരിയന്റിലെത്തുന്ന എര്‍ട്ടിഗ പെട്രോളില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ലഭിക്കും. ഡീസലിന് 5 സ്പീഡ് മാനുവല്‍ ഓപ്ഷന്‍ മാത്രമാണുള്ളത്.

പുതിയ മാരുതി സുസുക്കി എര്‍ട്ടിഗ ഏഴ് സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളിന്റെ (എംപിവി) രണ്ടാം തലമുറയാണ് ഇന്ത്യയിലെത്തുന്നത്. 10.90 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഡീസല്‍ വേരിയന്റിന് വില. സ്വിഫ്റ്റ്, ഡിസയര്‍, ഇഗ്നിസ്, ബലേനോ തുടങ്ങിയ മോഡലുകളില്‍ സ്ഥാനം പിടിച്ച ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതിയ എര്‍ട്ടിഗ എത്തുന്നത്. ഇതുവഴി പുതിയ മോഡലിന്റെ ഭാരം 10-20 കിലോ വരെ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. 45 ലിറ്റര്‍ ഇന്ധന ടാങ്കും, 5.2 മീറ്റര്‍ ടേണിംഗ് റേഡിയസും വാഹനത്തിനുണ്ട്.

സിയാസ് സെഡാനില്‍ ഉപയോഗിച്ചിട്ടുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ എര്‍ട്ടിഗയിലുള്ളത്. മാരുതിയുടെ 1.3 ലിറ്റര്‍ ഡീസല്‍ മോട്ടര്‍ എഞ്ചിനാണ് മറ്റൊരു വേരിയന്റിലുള്ളത്. മാരുതിയുടെ എസ്എച്ച്‌വിഎസ് ഹൈബ്രിഡ് ടെക്‌നോളജിയാണ് സവിശേഷത. ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഈ ടെക്‌നോളജി വഴിയൊരുക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉന്നത സ്‌പെസിഫിക്കേഷനുള്ള ഇസഡ് പ്ലസില്‍ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, നാവിഗേഷന്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ ക്യാമറ എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുണ്ട്.

ഇരട്ട എയര്‍ബാഗും, എബിഎസും എല്ലാ വേരിയന്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതേസമയം എല്‍ഇഡി ഹെഡ് ലാമ്പ്, ഡയമണ്ട് കട്ട് അലോയ് വീല്‍ പോലുള്ള പ്രതീക്ഷിച്ച ഫീച്ചറുകള്‍ മാരുതി ഒഴിവാക്കുകയും ചെയ്തു.

Read more about:
EDITORS PICK