20 ദിവസം നീണ്ട തെരച്ചില്‍ അവസാനിച്ചു; കാണാതായ ഇന്ത്യന്‍ വംശജന്റെ മൃതദേഹം ലെസ്റ്ററിലെ ആബെ പാര്‍ക്കിലെ കനാലില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

Chithra December 2, 2018

ഇരുപത് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ കാണാതായ ഇന്ത്യന്‍ വംശജന്റെ മൃതദേഹം പോലീസ് ഡൈവര്‍മാര്‍ കനാലില്‍ നിന്നും കണ്ടെടുത്തു. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് നഗരമായ ലെസ്റ്ററില്‍ നിന്നുമാണ് 48-കാരനായ പരേഷ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 10ന് വീട്ടില്‍ നിന്നും ഇറങ്ങിയ പരേഷിനെ ലെസ്റ്ററിലെ ബെല്‍ഗ്രാവ് റോഡിലാണ് അവസാനമായി കണ്ടത്. നിരവധി ഏഷ്യന്‍ ബിസിനസ്സുകള്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നൂറുകണക്കിന് ആളുകളാണ് തെരച്ചിലിന് ഇറങ്ങിയത്.

Missing

ലെസ്റ്ററിലെ ആബെ പാര്‍ക്കിലുള്ള കനാലിലാണ് മൃതദേഹം കിടന്നിരുന്നത്. നവംബര്‍ 10ന് കാണാതായ പരേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. തെരച്ചിലില്‍ സഹായിച്ച എല്ലാ ആളുകള്‍ക്കും പട്ടേലിന്റെ കുടുംബം നന്ദി അറിയിച്ചു. ‘ഞങ്ങളുടെ പ്രിയപ്പെട്ട മകനും, ഭര്‍ത്താവും, പിതാവും, സഹോദരനും, ബന്ധുവും, സുഹൃത്തുമായിരുന്ന പരേഷ് ഞങ്ങളെ വിട്ടകന്നു. ഈ നിമിഷത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’, സഹോദരന്‍ നിതിന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഭര്‍ത്താവിനോട് വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കല്‍പ്പന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ‘എല്ലാവരും ആശങ്കയിലാണ്. നമ്മുടെ മക്കള്‍ ചോദിച്ച് കൊണ്ടിരിക്കുന്നു. മെസേജ് അയയ്ക്കാനും വിളിക്കാനും ശ്രമിക്കുന്നു, അമ്മ കരഞ്ഞ് കൊണ്ടിരിക്കുകയാണ്. അവരോടെല്ലാം എന്ത് പറയണമെന്നറിയില്ല’, കല്‍പ്പന പറഞ്ഞു. ‘ഡാഡി വീട്ടിലേക്ക് തിരിച്ചുവരൂ’ എന്ന ബാനറുമായി മക്കളായ കിയാനും (12), ഹര്‍ഷലവും (9) പിതാവിനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കാളികളായത് ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു.

ഇന്ത്യന്‍ വംശജര്‍ ഏറെ പാര്‍ക്കുന്ന ബ്രിട്ടനിലെ നഗരമാണ് ലെസ്റ്റര്‍. ഇവിടുത്തെ സാമ്പത്തിക പുരോഗതിക്കും, സംസ്‌കാരത്തിനും ഇന്ത്യക്കാര്‍ വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.

Read more about:
RELATED POSTS
EDITORS PICK