ധ്യാന്‍ ചന്ദിന്റെ ചരമവാര്‍ഷികദിനം

Pavithra Janardhanan December 3, 2018

ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലായിരുന്നു ധ്യാന്‍ ചന്ദിന്റെ ജനനം. 1928-ലായിരുന്നു ധ്യാന്‍ ചന്ദ് ആദ്യമായി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികള്‍ അദ്ദേഹത്തെ കണക്കാക്കിയത്.

ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്‌സില്‍ ജര്‍മ്മനിയെ ഇന്ത്യ തോല്പിച്ചപ്പോള്‍, ഹിറ്റ്‌ലര്‍ നല്‍കിയ ഒരു അത്താഴവിരുന്നില്‍ ധ്യാന്‍ചന്ദ് സംബന്ധിച്ചു. ഇന്ത്യന്‍ കരസേനയില്‍ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന ധ്യാന്‍ചന്ദിനു ഹിറ്റ്‌ലര്‍, ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജര്‍മ്മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്തു. എന്നാല്‍ ധ്യാന്‍ ചന്ദ് അത് നിരസിച്ചു. ഇന്ത്യാ ഗവണ്‍മെന്റ് സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956-ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു. 1979 ഡിസംബര്‍ മൂന്നിന് അദ്ദേഹം അന്തരിച്ചു.

Tags:
Read more about:
EDITORS PICK