ആശങ്കയുയർത്തി ആദ്യമായി കേരളത്തിൽ കോംഗോ പനി; തലച്ചോറിനെ ബാധിച്ചാൽ മരണം തീർച്ച: കോംഗോ പനിയെക്കുറിച്ച് അറിയേണ്ടതെല്ലാം

Pavithra Janardhanan December 3, 2018

നൈറോവൈറസ് എന്ന ആർ. എൻ. എ കുടുംബത്തിൽപ്പെട്ട ബുനിയവൈരിടായ് വൈറസ് മൂലം മനുഷ്യരിൽ ഉണ്ടാകുന്ന ജന്തുജന്യ രോഗമാണ് കോംഗോ പനി .കോംഗോ ഹെമറേജിക് ഫിവര്‍ ( സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സി.സി. എച്ച്. എഫ് എന്നും രോഗകാരണമായ വൈറസ് അറിയപ്പെടുന്നു. ആര്‍. എന്‍.എ. വൈറസുകളുടെ കുടുംബത്തില്‍പ്പെട്ട ഈ വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. ഇതിന്റെ ലാര്‍വ മുയല്‍, കോഴി തുടങ്ങിയ ചെറുമൃഗങ്ങളിലാണ് കാണുന്നത്. എന്നാല്‍ ചെള്ള് വളര്‍ച്ചയെത്തിയാല്‍ വലിയ മൃഗങ്ങളിലേക്ക് ചേക്കേറും.

അണുബാധ ഉണ്ടായാൽ, ഒന്നുമുതൽ മൂന്ന്, അഥവാ ഒൻപതു ദിവസത്തിനകം രോഗം പ്രത്യക്ഷപ്പെടും .രോഗിയുമായുള്ള സമ്പർക്കം കൊണ്ട്, അതായത് രക്തത്തിലൂടെ അല്ലെങ്കിൽ മറ്റു ശരീര സ്രവങ്ങളിൽ കൂടി, രോഗബാധ ഉണ്ടായാൽ അഞ്ചു മുതൽ ആറ് ദിവസം അല്ലെങ്കിൽ പരമാവധി 13 ദിവസം വരെ എടുക്കാം. രോഗ ലക്ഷണങ്ങൾ പെട്ടെന്നാണ് പ്രത്യക്ഷപ്പെടുന്നത്. പനി, പേശി വേദന ,തലചുറ്റൽ, കഴുത്തിൽ വേദന, കഴുത്ത് മടക്കാൻ ബുദ്ധിമുട്ട് , തല വേദന, പുറം വേദന, കണ്ണിനു ചുവപ്പ് നിറം, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ . വയറു വേദനയും വയറിളക്കവും ഉണ്ടാവും.രോമകൂപങ്ങളിൽ നിന്നും രക്തം പൊടിക്കും. രോഗിയുടെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകും. അസ്വസ്ഥതയും അക്രമസ്വഭാവവും പ്രകടിപ്പിക്കും.

congo2

മൂന്ന്, നാല് ദിവസം കഴിയുമ്പോഴേക്കും , അക്രമ സ്വഭാവം മാറി അധോമുഖനായി എപ്പോഴും ഉറക്കം ആരംഭിക്കും.. രോഗ ബാധ മൂലം കരൾ വലുതാകുന്നതിനാൽ, വയറു വേദന വലതുവശത്തേക്ക് മാറും. ഹൃദയമിടിപ്പ്‌ വർദ്ധിക്കുക, ലസിക ഗ്രന്ഥികൾ വലുതാകുക, തൊലിക്കടിയിൽ രക്തവാർച്ച ഉണ്ടായി തൊലി ,വായ, തൊണ്ട ചുവക്കുക എന്നിവ തുടർ ലക്ഷണങ്ങൾ ആണ്. മലത്തിലും മൂത്രത്തിലും രക്തം കലർന്ന് കാണപ്പെടും . മൂക്കിലും ഊനുകളിലും രക്തസ്രാവം ഉണ്ടാകും. രോഗം മാരകമാകുന്നവരിൽ, അഞ്ചാം ദിവസം മുതൽ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലാകും. തലച്ചോറിനെ ബാധിച്ചാൽ മരണം തീർച്ച. രോഗം ഗുരുതരമാകുന്നവർ രണ്ടാമത്തെ ആഴ്ചയോടെ മരണപ്പെടും. രോഗം ഭേദപ്പെടുന്നവർക്ക് പത്താം ദിവസം മുതൽ ആശ്വാസം കണ്ടു തുടങ്ങും.

രോഗ നിർണയം

എലിസ(ELISA ) , ഇഐഎ (EIA )എന്നീ രക്ത പരിശോധനകളിലൂടെ ഈ വൈറസിന്റെ ആന്റിബോടി കണ്ടെത്തി രോഗം നിർണയിക്കാം. പക്ഷെ, ആറാം ദിവസം മുതലേ രക്തത്തിൽ ആന്റിബോഡി കാണപ്പെടുകയുള്ളൂ .രോഗം ഗുരുതരമാവുന്നവരുടെ രക്തത്തിൽ മിക്കപ്പോഴും അളക്കത്തക്ക അളവിൽ ആന്റിബോഡി കണ്ടില്ലെന്നും വരാം. രോഗിയുടെ രക്തം അല്ലെങ്കിൽ പേശി-സാമ്പിൾ പരിശോധിച്ച് വൈറസ്സിനെ കണ്ടെത്താം. പോളിമേരസ് ചങ്ങല പ്രതിപ്രവർത്തനം (Polymerase Chain Reaction : PCR ) ആണ് ഏറ്റവും പുതിയ രോഗ നിർണയ മാർഗം. കേരളത്തിൽ, ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ദേശീയ വൈരോളോജി കേന്ദ്രത്തിൽ രക്ത പരിശോധനാ സൗകര്യം ഉണ്ട്.

ചികിത്സ

രോഗലക്ഷണങ്ങൾക്ക് ആശ്വാസം ഉണ്ടാകാൻ വേണ്ട ചികിത്സ ആണ് പ്രധാനമായും ചെയ്യേണ്ടത്. രക്തവാർച്ച മൂലം നഷ്ടപ്പെടുന്ന രക്തത്തിന് പകരമായി രക്തഘടകങ്ങൾ തക്കസമയത്ത് നൽകണം. രിബവ്രിൻ  എന്ന മരുന്ന് പ്രയോജനം ഉള്ളതായി കാണപ്പെടുന്നു. രോഗം ഭേദമായവരിൽ നിന്നും എടുക്കുന്ന പ്ലാസ്മ കുത്തിവെപ്പും നൽകാറുണ്ട്.

congo-fever

പ്രതിരോധവും നിയന്ത്രണവും

എലിയുടെ തലച്ചോറിൽ നിന്നും നിർവീര്യമാക്കി രൂപപ്പെടുത്തുന്ന ഒരിനം വാക്സിൻ കിഴക്കൻ യുറോപ്യൻ രാജ്യങ്ങളിൽ ചെറിയ തോതിൽ ഉപയോഗിക്കുന്നുണ്ട്. സുരക്ഷിതവും ഫലപ്രദവും ആയി മനുഷ്യർക്ക്‌ ഉപയോഗിക്കാൻ പറ്റിയ ഒരു വാക്സിൻ നിലവിലില്ല
ടിക്കുകൾ നമ്മുടെ ശരീരത്തിൽ പറ്റിക്കൂടാതിരിക്കുവാൻ ശ്രദ്ധിക്കുക. ഇവക്കു പറക്കുവാനും ചാടാനും കഴിവില്ലാത്തതിനാൽ, ഇലകളുടെയും പുല്ലിന്റെയും അറ്റത്ത് വന്നിരുന്നു കടന്നുപോകുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തിൽ പറ്റിക്കൂടുക ആണ് ചെയ്യുന്നത്. കീടങ്ങൾക്കെതിരെ ഉള്ള ലേപനങ്ങൾ ആവശ്യമെങ്കിൽ ഉപയോഗിക്കണം.
കന്നുകാലികളെയും മറ്റും പാലിക്കുന്നവർ വേണ്ട മുൻ കരുതലുകൾ എടുക്കണം.: കയ്യുറ, വസ്ത്രം,ലേപനം.
ആരോഗ്യ പ്രവർത്തകർ സാർവത്രിക മുൻകരുതലുകൾ (Universal precautions ) പാലിക്കണം.
രോഗം ഉണ്ടെന്നു സംശയിക്കുന്നവരെ മാറ്റി പാർപ്പിക്കണം.

സംസ്ഥാനത്ത് കോംഗോ പനി, ഒരാള്‍ ചികിത്സയില്‍, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Read more about:
EDITORS PICK