ഇന്ത്യന്‍ ടീമിനെ പേടിത്തൊണ്ടന്‍മാര്‍ എന്ന് അധിക്ഷേപിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍; തിരിച്ചടിച്ച് ഓസ്‌ട്രേലിയയിലെ ജനങ്ങള്‍; വിരാടിന്റെ ടീമിന് കട്ട സപ്പോര്‍ട്ട്

Chithra December 4, 2018

സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും, ബാന്‍ക്രോഫ്റ്റുമെല്ലാം ക്രിക്കറ്റ് മൈതാനത്തിന് പുറത്തിരിക്കുന്നത് വിജയിക്കാന്‍ എന്ത് വഴിയും തെരഞ്ഞെടുക്കും എന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ നിലപാട് കൊണ്ട് തന്നെയാണ്. എതിരാളികളെ മാനസികമായി തളര്‍ത്താന്‍ മുന്നിട്ടിറങ്ങുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ശക്തി പകരുന്ന നിലപാട് അവിടുത്തെ മാധ്യമങ്ങളും കാണിക്കാറുണ്ട്. എന്നാല്‍ ഇക്കുറി ഓസീസ് പോരാട്ടത്തിന്റെ ചൂടറിയാന്‍ കളത്തിലിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അപമാനിച്ചത് ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒട്ടും രുചിച്ചിട്ടില്ല. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ അടച്ചാക്ഷേപിച്ച് ജനങ്ങളുടെ സോഷ്യല്‍ മീഡിയ അക്രമം വ്യാപകമാകുകയാണ്.

virat-kohli

നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് പര്യടനത്തില്‍ ആദ്യം. വിരാട് കോലിയുടെ ഇന്ത്യയെ പേടിത്തൊണ്ടന്‍മാരായ വവ്വാലുകള്‍ എന്നാണ് ഒരു ഓസ്‌ട്രേലിയന്‍ മാധ്യമം നല്‍കിയ തലക്കെട്ട്. ബ്രിസ്‌ബെയിനിലെ ബൗണ്‍സിനെ ഇന്ത്യന്‍ ടീമിന് ഭയമാണ്, പെര്‍ത്തിലെ അതിശയങ്ങളെ ഭയമാണ്, അഡ്‌ലെയ്ഡിലെ ഇരുട്ടിനെയും ഇന്ത്യക്ക് ഭയമാണ്, അവര്‍ വിധിച്ചു. അഡ്‌ലെയ്ഡില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു അവസാനത്തെ വിശേഷണം.

എന്നാല്‍ പതിവ് പോലെ ഓസ്‌ട്രേലിയക്കാര്‍ ഈ ആക്രോശത്തെ ഏറ്റുപിടിച്ചില്ല. പകരം നല്ല ചീമുട്ട നോക്കി മാധ്യമങ്ങളുടെ മുഖത്തിട്ട് എറിയുകയാണ് അവര്‍. ആതിഥേയരെ പരിഹസിക്കുക വഴി രാജ്യത്തിന്റെ പേരാണ് അപമാനിക്കപ്പെടുന്നതെന്ന് ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കി. ഇന്ത്യന്‍ ടീമിന് വേണ്ടി ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ നിലകൊള്ളുന്ന കാഴ്ച അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് വിരാട് കോലിയെ മറ്റ് ക്യാപ്റ്റന്‍മാരെ പോലെ കാണേണ്ടെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യമില്ലാതെ രോഷം ഉയര്‍ത്തി പണി ചോദിച്ച് വാങ്ങരുതെന്ന് പോണ്ടിംഗ് ടീമിനോട് വ്യക്തമാക്കിയിട്ടുണ്ട്.

2017ല്‍ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഡിആര്‍എസ് റിവ്യൂ ആവശ്യപ്പെടാന്‍ ഡ്രസിംഗ് റൂമിന്റെ സഹായം പലകുറി തേടിയതിനെതിരെ വിരാട് കോലി രംഗത്ത് വന്നിരുന്നു. ക്രിക്കറ്റിലെ ഡൊണാള്‍ഡ് ട്രംപ് എന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന് നല്‍കിയ വിശേഷണം.

Read more about:
RELATED POSTS
EDITORS PICK