ഓസ്‌ട്രേലിയയില്‍ സുപ്രധാനം വിരാട് കോലിയുടെ പ്രകടനമല്ലെന്ന് സുനില്‍ ഗവാസ്‌കര്‍; ഇന്ത്യന്‍ വിജയത്തിന്റെ ആണി ഇതാണ്

Chithra December 6, 2018

ഓസ്‌ട്രേിലയയില്‍ ഇന്ത്യക്ക് ചരിത്ര വിജയം നേടാന്‍ ആവശ്യമായ ഘടകം എന്താണ്? ഉത്തരം ഉടന്‍ വരും, വിരാട് കോലി നല്ല പ്രകടനം നടത്തണം. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒറ്റയ്ക്ക് പ്രകടനം കാഴ്ചവെച്ചത് കൊണ്ട് വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയില്ലെന്ന് ഇതേക്കുറിച്ച് അറിയാവുന്നവര്‍ക്ക് തിരിച്ചറിയാം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറും ഈ നിലപാട് പങ്കുവെയ്ക്കുന്നു. ഓപ്പണര്‍മാര്‍ നല്‍കുന്ന സംഭാവനയാണ് ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാന ഘടകമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് മുരളി വിജയും, കെഎല്‍ രാഹുലും ചേര്‍ന്നാണ് നിര്‍വ്വഹിക്കുക. പരുക്കേറ്റ് പൃഥ്വി ഷാ പുറത്തായതോടെയാണ് ഇത്. ഇതിന് മുന്‍പ് സൗത്ത് ആഫ്രിക്കയിലും, ഇംഗ്ലണ്ടിലും നടന്ന ടെസ്റ്റുകളില്‍ ഇന്ത്യക്കായി കോലി റണ്‍ വാരിക്കൂട്ടിയെങ്കിലും രണ്ടിടത്തും ടീം പരാജയപ്പെട്ടു. ഇതാണ് ഓസ്‌ട്രേലിയയില്‍ വിജയം ഉറപ്പിക്കാന്‍ വിരാടിന്റെ മികവ് മാത്രം പോരാ ഓപ്പണര്‍മാര്‍ റണ്‍ കണ്ടെത്തുക കൂടി വേണമെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാണിക്കാന്‍ ഇടയാക്കിയത്.

kohli

സ്‌കോര്‍ നൂറോ, നൂറ്റമ്പതോ കടന്ന ശേഷമാണ് വിരാട് ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതെങ്കില്‍ അയാളെ തടയാന്‍ ഓസീസ് പാടുപെടും. എന്നാല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് റണ്‍ കണ്ടെത്താതെ മടങ്ങിയാല്‍ പിന്നാലെ എത്തുന്ന ക്യാപ്റ്റനെ പരീക്ഷിക്കാന്‍ പുതിയ പന്ത് ഉപയോഗിച്ച് ആതിഥേയര്‍ കിണഞ്ഞ് ശ്രമിക്കും, ഗവാസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. കെഎല്‍ രാഹുല്‍ ആത്മവിശ്വാസത്തോടെ കളിക്കുന്നില്ലെന്നത് ആശങ്കാജനകമാണ്. ഏകദിനവും, ഐപിഎല്‍ വിജയവും കടന്ന് രാഹുല്‍ ടെസ്റ്റിലേക്ക് എത്തിയിട്ടില്ല. എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാസംഭവമാകാന്‍ ഈ കളിക്കാരന് കഴിവുണ്ട്. ഓസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ മാറിമറിയട്ടെയെന്നും ഗവാസ്‌കര്‍ ആശംസിച്ചു.

ഇന്ത്യക്ക് അനുകൂലമായി ടെസ്റ്റ് ഫലം ഉണ്ടാകുമെന്നാണ് ഗവാസ്‌കര്‍ പ്രവചിക്കുന്നത്. 3-0ന് ഇന്ത്യ ഓസീസിനെ തറപറ്റിക്കുമെന്നാണ് മുന്‍ ക്യാപ്റ്റന്റെ സ്വപ്നം!

Read more about:
EDITORS PICK