മുറിവേറ്റ കൈകൊണ്ട് ഭക്ഷണം കഴിക്കാൻ കഴിയാതെ വിഷമിച്ച സഹപാഠിക്ക് ചോറ് വാരിക്കൊടുക്കുന്ന ഒന്നാം ക്ലാസുകാരന്റെ ചിത്രം വൈറലാകുന്നു.കോട്ടയം ഏറ്റുമാനൂർ കാട്ടാത്തി ആർ എസ് ഡബ്ലിയു ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളായ അഭിനന്ദും നോയലുമാണ് ചിത്രത്തിലുള്ളത്. ഇരുവരും ഒന്നിച്ചു ഭക്ഷണം കഴിക്കാനിരുന്നതായിരുന്നു. എന്നാൽ വലതു കയ്യിലെ മുറിവിന്റെ വേദന കാരണം അഭിനന്ദിനു ഭക്ഷണം കഴിക്കാനായില്ല. തുടർന്നാണ് നോയൽ തന്റെ കൂട്ടുകാരന് ചോറ് വാരിക്കൊടുത്തത്.തന്റെ സഹപാഠിക്ക് വയറു നിറഞ്ഞെന്നു ഉറപ്പാക്കിയതിനു ശേഷമാണു നോയൽ തന്റെ ഭക്ഷണം കഴിച്ചു തുടങ്ങിയത്. ഈ സ്നേഹത്തിന്റെയും കരുതലിന്റെയും ദൃശ്യം പ്രി പ്രൈമറി വിഭാഗത്തിലെ അധ്യാപിക ജെസ്സി ഷാജിയാണ് പകർത്തിയത്.
പുതിയ തലമുറയിൽ നിന്ന് ഇല്ലാതാവുന്ന നന്മ അവരിൽ കണ്ടതു കൊണ്ടാണ് ചിത്രമെടുത്തതെന്നു ജെസി പറഞ്ഞു. പെയിന്റിങ് തൊഴിലാളിയായ തടത്തിൽ ജയിംസിന്റെയും അനുവിന്റെയും മകനാണു നോയൽ. ഫൊട്ടോഗ്രഫറായ അനീഷിന്റെയും ജയന്തിയുടെയും മകനാണ് അഭിനന്ദ്.